താൾ:33A11414.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

li

പ്രാധാന്യം മലയാളിക്കു ബോധ്യപ്പെടുത്തി തന്നെ ഗുണ്ടർട്ടിന്റെ മഹിമ കാലം
ചെല്ലുംതോറും വർധിക്കയാണ്. ഗുണ്ടർട്ടിന്റെ സമാഹാരത്തിലെ
പഴഞ്ചൊല്ലുകളിൽ കാണുന്ന പല വാക്കുകളും ഇന്നു വായനക്കാരനെക്കൊണ്ടു
നിഘണ്ടു എടുപ്പിക്കുന്നു! അതും ഗുണ്ടർട്ടു നിഘണ്ടുതന്നെ വേണം. മലയാള
ഭാഷയിലെ അനേകം പ്രാചീന പദങ്ങൾ അദ്ദേഹം സമാഹരിച്ച
പഴഞ്ചൊല്ലുകളിലൂടെ ഇന്നു മലയാളിക്കു ലഭ്യമായിരിക്കുന്നു. അവയിൽ
ദേശ്യപദങ്ങളും ഉണ്ടാകാം. അതും പഴഞ്ചാൽ സമാഹാരങ്ങളുടെ പ്രാധാന്യം
വർധിപ്പിക്കുന്നു.

മലയാള ഭാഷയിലെ പാഠപുസ്തകങ്ങളുടെ കഥ പറയുന്ന പല
പണ്ഡിതന്മാരും 1868-ൽ നിന്നു തുടങ്ങുന്നു. ആ വർഷമാണ് കേരളവർമയുടെ
നേതൃത്വത്തിൽ തിരുവനന്തപുരത്തു പാഠപുസ്തക സമിതി പ്രവർത്തിച്ചു
തുടങ്ങിയത്. കേരളവർമ വലിയകോയിത്തമ്പുരാൻ മലയാള ഭാഷയുടെയും
സാഹിത്യത്തിന്റെയും പുരോഗതിക്കു വിലപ്പെട്ട സേവനങ്ങൾ നൽകിയിട്ടുണ്ട്.
പാഠപുസ്തക സമിതി അധ്യക്ഷൻ എന്ന നിലയിൽ തിരുവിതാംകൂറിലെ
പാഠ്യപദ്ധതി നവീകരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ നവീന
പാഠപുസ്തകങ്ങൾ അദ്ദേഹത്തിന്റെ കാലത്താണ് ഉണ്ടായതു എന്ന ധാരണ
തിരുത്തിയേ തീരു. അതിനു മുമ്പ് മംഗലാപുരത്തും തലശ്ശേരിയിലും
കോട്ടയത്തും അച്ചടിച്ച ബഹുവിഷയകവും ശാസ്ത്രീയവുമായ
പാഠപുസ്തകങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇതംഗീകരിക്കാൻ നിവൃത്തിയില്ല.
പാഠപുസ്തകരംഗത്തേക്കു തിരുവിതാംകൂർ സർക്കാർ ശ്രദ്ധ തിരിച്ചത്
ഇക്കാലത്താണെന്നു കണക്കാക്കുക. സർക്കാർ കടന്നുവരുമ്പോൾ മാത്രമാണ്
ഏതു മണ്ഡലത്തിലും ചരിത്രം തുടങ്ങുക എന്ന സങ്കല്പം വികലമാണല്ലോ.
മിഷണറിമാരും വ്യക്തികളും നടത്തിയ അനൗദ്യോഗിക ശ്രമങ്ങൾ
അവഗണിക്കാവുന്ന തോതിലും തരത്തിലുമായിരുന്നില്ല. പഴയ ചരിത്രങ്ങളെല്ലാം
രാജചരിത്രങ്ങളായിപ്പോയി എന്നും ജനകീയ സംരംഭങ്ങളൊന്നും അവയിൽ
നിഴലിക്കുന്നില്ലെന്നും ആക്ഷേപിക്കുന്ന നവീനർ പോലും ഉപാദാനങ്ങൾ
ശേഖരിക്കാനുള്ള വൈമനസ്യം നിമിത്തമായിരിക്കാം പാഠപുസ്തക
രംഗത്തുണ്ടായ അനൗദ്യോഗിക പരിശ്രമങ്ങളെ അവഗണിക്കുന്നു.
മാതൃഭാഷയിലൂടെയുള്ള ശാസ്ത്രപഠനം ആദ്യമായി സാധ്യമാക്കിയതു ടെക്സ്
ബുക്ക് കമ്മറ്റിക്കാരുടെ പരിശ്രമങ്ങളാണ് എന്ന കെ.എൻ. ഗണേഷിന്റെ
പ്രസ്താവം (കേരളത്തിന്റെ ഇന്നലെകൾ, സാംസ്കാരിക പ്രസിദ്ധീകരണ
വകുപ്പ്, കേരള സർക്കാർ, 1990:285) ഒരു ഉദാഹരണം മാത്രം! ടെക്സ്റ്റ് ബുക്ക്
കമ്മറ്റിയുടെ കാലത്തിനുമുമ്പ് മലയാളനാട്ടിൽ പ്രചാരത്തിലിരുന്ന ഒന്നാംതരം
പാഠപുസ്തകങ്ങൾ നമ്മുടെ പണ്ഡിതർ കണ്ടിരിക്കയില്ല! മലബാറിലും
തിരുവിതാംകൂറിലും 1868 നു മുമ്പു പ്രചാരത്തിലിരുന്ന മികച്ച
പാഠപുസ്തകങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചർച്ചയും പൂരണവും 1989
എന്ന പ്രബന്ധത്തിൽ നൽകിയിട്ടുണ്ട്. അതിവിടെ ആവർത്തിക്കുന്നില്ല. മലയാള

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/55&oldid=199278" എന്ന താളിൽനിന്ന് ശേഖരിച്ചത്