താൾ:33A11414.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

l

ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും ഗ്രന്ഥനാമത്തിൽ മാറ്റം വരുത്തിയില്ല. മലയാളം
അച്ചടി, ലിപിപരിണാമം എന്നിവയെക്കുറിച്ചെല്ലാം വിശദമായി പഠിക്കുന്നവർക്കു
പ്രയോജനപ്പെടുന്നവയാണ് പഴഞ്ചൊല്ലിന്റെ തലശ്ശെരി-
മംഗലാപുരം പതിപ്പുകൾ. വിശദവിവരങ്ങൾക്കും താരതമ്യപഠനത്തിനും
ചർച്ചയും പൂരണവും 1989:469 - 472 കാണുക. പിൽക്കാലത്തു കൂടുതൽ
പഴഞ്ചൊല്ലുകൾ കൂട്ടിച്ചേർത്ത് മംഗലാപുരത്തു നിന്ന് ആയിരത്തിരുന്നൂറ്
പഴഞ്ചൊൽ പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ ഒന്നാം ഭാഗത്തു അകാരാദി
ക്രമത്തിൽ ഒര ആയിരം പഴഞ്ചൊല്ലിലെ തൊള്ളായിരത്തി തൊണ്ണൂറു
പഴഞ്ചൊല്ലുകൾ ചേർത്തിരിക്കുന്നു; തുടർന്നു പുതുതായി ചേർത്ത
ഇരുന്നൂറ്റിപ്പത്തു പഴഞ്ചൊല്ലുകളും. പുതിയതായി ചേർത്തു കാണുന്ന
പഴഞ്ചൊല്ലുകൾ ശേഖരിക്കുന്നതിൽ ഗുണ്ടർട്ടിനു എന്തെങ്കിലും
പങ്കുണ്ടായിരുന്നോ എന്നു നിർണ്ണയിക്കാനാവുന്നില്ല. ഏതായാലും ഈ
സമാഹാരത്തിൽ ആയിരത്തിരുന്നുറു പഴഞ്ചൊൽ ചേർത്തിരിക്കുന്നു.

പഴഞ്ചൊല്ലുകൾ ക്രോഡീകരിക്കുക മാത്രമല്ല അർഥം മുൻനിർത്തിയും
ഭാഷാപരമായ സവിശേഷതകൾ പരിഗണിച്ചും വിശദമായി അപഗ്രഥിക്കാൻ
ഗുണ്ടർട്ട് ഒരുമ്പെട്ടു. സമാനാർത്ഥകങ്ങളായ പഴഞ്ചൊല്ലുകൾ ഒര ആയിരം
പഴഞ്ചൊല്ലിൽ ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്ന ക്രമസംഖ്യകൾ കൊണ്ടു
കണ്ടെത്താം. പഴഞ്ചൊല്ലുകൾ അക്ഷരമാല ക്രമത്തിൽ അടുക്കുന്നതോടെ
ജോലി തീർന്നു എന്നു കരുതുന്നവരാണ് പിൽക്കാലത്തെ സമ്പാദകർ. ആശയ
സമാനത, പരസ്പര പൂരകത്വം എന്നിവ പരിഗണിച്ചു പഴഞ്ചൊല്ലുകൾ
വർഗീകരിക്കാനും വ്യാഖാനിക്കാനുമാണ് പഴഞ്ചൊൽ മാലയിൽ
ശ്രമിച്ചിരിക്കുന്നത്. ഇപ്പോൾ ലഭ്യമായ അയ്യായിരത്തോളം പഴഞ്ചൊല്ലുകൾ
ഇത്രത്തോളമെങ്കിലും അപഗ്രഥിച്ചു പഠിക്കാൻ ഇന്നു നമുക്കു കഴിഞ്ഞിട്ടില്ല!
പഴഞ്ചൊല്ലുകളുടെ വാചികഘടന, ആശയഘടന എന്നിവ മുൻനിറുത്തി
മലയാളിയുടെ സാമൂഹിക മനസ്സിന്റെ ആഴങ്ങളിലേക്കു കടക്കുന്ന കാര്യം
നാം ചിന്തിച്ചിട്ടുപോലുമില്ല. ആർ, ആരോട്, എപ്പോൾ, എങ്ങനെ പഴഞ്ചൊല്ലു
പറയുന്നു എന്നതും വിശദമായ പഠനം അർഹിക്കുന്നുണ്ട്. പഴഞ്ചൊല്ലുകളെ
മുൻനിറുത്തി നടത്തുന്ന ഇത്തരം പഠനങ്ങൾക്കു വിവിധ സാമൂഹിക
ശാസ്ത്രങ്ങളിലും മാനവിക വിജ്ഞാനീയങ്ങളിലും പ്രസക്തിയുണ്ടെന്നു
നമ്മുടെ പണ്ഡിതന്മാർ ഇനിയും മനസ്സിലാക്കിയിട്ടില്ല. പഴഞ്ചൊല്ലുകളിലെ
സാമ്യ കല്പനകളിലൂടെ കടന്നു ചെന്നാൽ സാഹിത്യ രസികനും ശൈലീ
പണ്ഡിതനും സാഹിത്യത്തിന്റെ ഉറവക്കണ്ണുകൾ കണ്ടെത്താൻ കഴിഞ്ഞേക്കും.
കൂടുതൽ വിവരങ്ങൾക്ക് Claus, Peter Jetal. Indian Folklore, Central
Institute of Indian Languages, Mysore Part I and II കാണുക.
പഴമൊഴികളിലും ജനകീയ പാരമ്പര്യങ്ങളിലും മറഞ്ഞുകിടക്കുന്ന
വിജ്ഞാനശകലങ്ങൾ തേടിപ്പിടിച്ചു മനുഷ്യനന്മയ്ക്കു വിനിയോഗിക്കാൻ ഇന്നു
ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ട്. G.E.R. Lloyad: Science Folklore and
Ideology, Cambridge University Press 1983 എന്ന ഗ്രന്ഥത്തിൽ പുരാതന
ഗ്രീസിലെ ജീവശാസ്ത്ര സിദ്ധാന്തങ്ങൾ നാടോടിപ്പാരമ്പര്യങ്ങളിൽ നിന്ന്
എങ്ങനെ കണ്ടെത്താം എന്നു പ്രതിപാദിച്ചിരിക്കുന്നു! നാടോടിപ്പാരമ്പര്യങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/54&oldid=199277" എന്ന താളിൽനിന്ന് ശേഖരിച്ചത്