താൾ:33A11414.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxix

മറ്റൊരു ഗ്രന്ഥം കൂടി പ്രകാശിതമായി. Clifts Geography in Malayalam
എന്ന ഇംഗ്ലീഷ് ശീർഷകം അതിനുണ്ട്. അതിൽ ശബ്ദാവലി പ്രത്യേകം
ചേർത്തിരിക്കുന്നു. മലയാള പള്ളിക്കുടങ്ങളുടെ പ്രയോജനത്തിന്ന എന്നു പുറം
ചട്ടയിൽ കാണാം.

ചരിത്രവും ഭൂമിശാസ്ത്രവും ഗുണ്ടർട്ടിനു ചെറുപ്പംമുതൽ താല്പര്യമുള്ള
വിഷയങ്ങളായിരുന്നു. മൗൾബ്രോണിലെ സ്കൂളിലും ട്യൂബിങ്ങൻ
സർവകലാശാലയിലും അദ്ദേഹം ഈ വിഷയങ്ങൾ പഠിച്ചു. ഇങ്ങനെ ലഭിച്ച
സാങ്കേതിക പരിശീലനം അദ്ദേഹത്തിന് കേരളത്തിൽ പ്രയോജനപ്പെട്ടു. ഭൂപടം
വരച്ചുണ്ടാക്കുന്നതിൽ സമർത്ഥനായിരുന്നു ഗുണ്ടർട്ട്. അദ്ദേഹത്തിന്റെ
കത്തുകളിലും ഡയറിയിലും പെട്ടെന്നു വരച്ച ഭൂപടങ്ങൾ കാണാം.
കർണ്ണാടകത്തിലെ ഉഡുപ്പി ജില്ലയുടെയും മലബാറിന്റെയും വിശദാംശങ്ങൾ
ഉൾപ്പെടുത്തിക്കൊണ്ട് അദ്ദേഹം വരച്ച ഭൂപടങ്ങൾ ശ്രദ്ധേയങ്ങളാണ്.

മലയാള രാജ്യം ഇവിടെ പൂർണ്ണരൂപത്തിൽ ചേർക്കുന്നു. ഇങ്ങനെ
തീരുമാനിക്കാൻ പല കാരണങ്ങളുണ്ട്. ഒന്നാമത് കേരളത്തിൽ അത്യന്ത
വിരളമാണ് ഇതിന്റെ പകർപ്പുകൾ. ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രത്തിൽ
പോലും ഇതേക്കുറിച്ചു പരാമർശമില്ല. 1869-ലെ പകർപ്പ് മദിരാശി
ആർക്കെവസിലും 1877 ലെ പകർപ്പ് കേരള സാഹിത്യ അക്കാദമിയിലെ
കൃഷ്ണ കല്യാണി ഗ്രന്ഥശേഖരത്തിലും ഉള്ളതായി മലയാള ഗ്രന്ഥസൂചിയിൽ
കാണുന്നു. 1887-ൽ ഇതിനു മറ്റൊരു പതിപ്പുണ്ടായി.

ഒതുക്കമുള്ള കേരള ചരിത്രമാണ് മലയാള രാജ്യത്തിലുള്ളത്.
ദേശചരിത്രം മാത്രമല്ല അന്നത്തെ കേരളത്തിൽ, വിശിഷ്യ
മലബാറിലുണ്ടായിരുന്ന പട്ടണങ്ങൾ, അങ്ങാടികൾ, വിഭവങ്ങൾ, ജീവജാലങ്ങൾ
എന്നിവയെക്കുറിച്ചെല്ലാമുള്ള റഫറൻസ് ഗ്രന്ഥം കൂടിയാണ് മലയാള രാജ്യം.
ജനതയുടെ ചരിത്രം തേടുന്നവർക്കും മലയാള രാജ്യം പ്രയോജനപ്പെടും.
ഗുണ്ടർട്ടു നൽകുന്ന വിവരങ്ങൾ എത്രത്തോളം ശാസ്ത്രീയവും
കൃത്യവുമായിട്ടുണ്ട് എന്നു ഭാവി ഗവേഷകർ തീരുമാനിക്കട്ടെ. പെട്ടെന്നുള്ള
മൂല്യനിർണയനത്തിനു വഴങ്ങുന്ന തരത്തിലല്ല ഗ്രന്ഥത്തിന്റെ പരിപ്രേക്ഷ്യം.

സമൂഹഭാവനയും ചിന്താരീതിയും പ്രതിഫലിപ്പിക്കുന്ന പഴഞ്ചൊല്ലുകൾ
സമാഹരിച്ച് ഉപയോഗിക്കാൻ ഗുണ്ടർട്ടു നടത്തിയ ശ്രമങ്ങൾ വിശദമായ
പരിഗണന അർഹിക്കുന്നു. ക്രിസ്തുമത പ്രചാരണത്തിനു മലയാള
പഴഞ്ചൊല്ലുകൾ ഉപയോഗിക്കാനുള്ള ശ്രമമാണ് 1845-ൽ തലശ്ശേരിയിൽ
അച്ചടിച്ച പഴഞ്ചൊൽമാലയിൽകാണുന്നത്. പഴഞ്ചൊൽമാലപൂർണ്ണരൂപത്തിൽ,
ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ വജ്രസൂചി (1992) എന്ന വാല്യത്തിൽ
ചേർത്തിട്ടുണ്ട്. 1846-ൽ അറുനൂറു പഴഞ്ചൊൽ തലശ്ശേരിയിൽ അച്ചടിച്ചു.
ഇതിന്റെ പകർപ്പു കണ്ടിട്ടില്ല. 1850ൽ തലശ്ശെരിയിലെ 'ഛാപിത'ത്തിൽ നിന്നു
ഒര ആയിരം പഴഞ്ചൊൽ അച്ചടിച്ചിറക്കി. 1868-ൽ മംഗലാപുരത്തുനിന്ന് ഒരു
ആയിരം പഴഞ്ചൊൽ പ്രസിദ്ധീകരിച്ചു. തലശ്ശേരിയിലും മംഗലാപുരത്തും
അച്ചടിച്ച പതിപ്പുകളിൽ തൊള്ളായിരത്തി തൊണ്ണൂറു പഴഞ്ചൊൽ വീതമേ
ഉള്ളൂ. തലശ്ശേരിയിൽ അച്ചടിച്ച പുസ്തകത്തിൽ 678 കഴിഞ്ഞു 689 വരെയുള്ള
പത്തു നമ്പറുകൾ വിട്ടുപോയി. മംഗലാപുരം പതിപ്പിൽ ഈ പിഴ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/53&oldid=199276" എന്ന താളിൽനിന്ന് ശേഖരിച്ചത്