താൾ:33A11414.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiii

രേഖകളുടെ സാമാന്യസ്വഭാവത്തെക്കുറിച്ചു ചർച്ചയും പൂരണവും എന്ന
അനുബന്ധത്തിൽ (മലയാള സാഹിത്യവും ക്രിസ്ത്യാനികളും ഡി.സി.ബി.
പതിപ്പ് 1989:398-401) ഈ ലേഖകൻ എഴുതിയിട്ടുണ്ട്. വിശദവിവരങ്ങൾ ഇവിടെ
ചേർക്കാൻ നിവൃത്തിയില്ല. വ്യവഹാരമാലയുടെ രൂപഭേദങ്ങൾ
സംസ്കൃതത്തിലും മലയാളത്തിലും (ഗദ്യത്തിലും പദ്യത്തിലും) കേരളത്തിൽ
ലഭ്യമാണ് ശ്രീമൂലം മലയാള ഗ്രന്ഥാവലിയിലെ 9-ാം നമ്പരായി ഉള്ളൂർ 1925-ൽ
പ്രസിദ്ധീകരിച്ച വ്യവഹാരമാല പഴയ ഗ്രന്ഥശേഖരങ്ങളിലുണ്ട്. ഇതു
ഗുണ്ടർട്ടിന്റെ പകർപ്പുമായി ഒത്തു നോക്കേണ്ടിയിരിക്കുന്നു. കേരളനാടകം
മംഗലാപുരത്തു അച്ചടിച്ചിട്ടുണ്ട്. ട്യൂബിങ്ങനിൽ സൂക്ഷിച്ചിരിക്കുന്ന
കൈയെഴുത്തു പ്രതിയിൽ അങ്ങിങ്ങ് ഗുണ്ടർട്ടിന്റെ കുറിപ്പുകളും കാണാം.
അനാചാര സംക്ഷേപത്തിന്റെ രത്നച്ചുരുക്കം ഗുണ്ടർട്ടിന്റെ
ഡയറിക്കുറിപ്പുകളുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് — Albrecht Frenz
(Ed.): Hermann Gundert-Schriften Und Berichte aus Malabar, Ulm
1983:120-126. അറുപത്തിനാലു ആചാരങ്ങളുടെ പട്ടികയാണിത്.

അതിപ്രശസ്തങ്ങളായ വടക്കൻ പാട്ടുകളാണ് പയ്യന്നൂർപ്പാട്ടും
തച്ചൊളിപ്പാട്ടുകളും. അവ ഗുണ്ടർട്ട് തേടിപ്പിടിച്ചു. ജനജീവിതത്തിന്റെ ചരിത്രം
കണ്ടെത്തുന്നതിൽ നാടോടിപ്പാട്ടുകൾക്കുള്ളപ്രാധാന്യം അദ്ദേഹം കണ്ടറിഞ്ഞു.
അതിനുള്ള ഉപാദാനങ്ങളായിരുന്നു തച്ചോളിപ്പാട്ടുകളും പയ്യന്നൂർപ്പാട്ടും
മാപ്പിളപ്പാട്ടുകളും. കേരളത്തിന്റെ പ്രാചീന വാണിജ്യ ബന്ധങ്ങളെക്കുറിച്ചു,
വിശിഷ്യ ഉത്തര കേരളത്തിൽ നിന്നു വിദേശത്തേക്കു പോയിരുന്ന
വണിക്കുകളെക്കുറിച്ചുപാട്ടുകൾ അറിവു നൽകുന്നു. അതു സാരമായി
പ്രയോജനപ്പെടുത്തിയ ഏകചരിത്രകാരൻ ഗുണ്ടർട്ടാണ്. നാട്ടാചാരങ്ങളെ
ക്കുറിച്ചുള്ള വിശദമായ പരാമർശങ്ങളും പാട്ടുകളിലുണ്ട്.

നൂറ്റമ്പതോളം വർഷത്തെ ഇടവേളയ്ക്കക്കു ശേഷം പയ്യന്നൂർപ്പാട്ട്
ഇപ്പോൾ മലയാളികളുടെ ദൃഷ്ടിപഥത്തിലെത്തിയിരിക്കുന്നു. ഇതുവരെ അതു
ട്യൂബിങ്ങൻ സർവകലാശാലയിൽ ഉണ്ടായിരുന്നെങ്കിലും മലയാളികളുടെ
കണ്ണിൽപ്പെട്ടിരുന്നില്ല. ഗുണ്ടർട്ട് സ്വജീവിതകാലത്ത് ലൈബ്രറിക്കു സമ്മാനിച്ച
ഓലക്കെട്ടാണിത്. (മറ്റു പല കൃതികളും അദ്ദേഹത്തിന്റെ മരണശേഷം
കുടുംബാംഗങ്ങളാണു ലൈബ്രറിക്കു നൽകിയത്. അവ ഇനം തിരിക്കാതെ
സൂക്ഷിച്ചിരിക്കയായിരുന്നു. 1986ലെ ബർലിൻ ലോകമലയാള സമ്മേളനത്തിനു
ശേഷം ട്യൂബിങ്ങനിലെത്തിയ ഈ ലേഖകനാണ് ആ രേഖകൾ ഇനം തിരിച്ചു
ലൈബ്രറി രേഖകളിൽ ചേർക്കാൻ ഭാഗ്യമുണ്ടായത്. ഇത്രയും കാലം കാല്‌വിലെ
സൂക്ഷിച്ചിരുന്ന ഓലക്കെട്ടുകൾ കൂടി 1991-ൽ ഡോ. ഫ്രൻസിന്റെയും ഈ
ലേഖകന്റെയും അഭ്യർത്ഥന മാനിച്ചു ഗുണ്ടർട്ടു കുടുംബം ട്യൂബിങ്ങൻ
ലൈബ്രറിക്കു സമ്മാനിച്ചു. (അതിൽ 104 പാട്ടുകളുണ്ട്. തളിപ്പറമ്പിൽ നിന്നു
ലഭിച്ച ഓലക്കെട്ടിൽ മറ്റു ചില കൃതികൾ കൂടി കാണാം. അവയെല്ലാം
വേർതിരിച്ചു ഗുണ്ടർട്ടു നൽകിയ വിവരങ്ങൾ പഴയ ജർമ്മൻ കാറ്റലോഗിൽ
(1899) ചേർത്തിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടോ ഈ കൃതി നമ്മുടെ
ദൃഷ്ടിയിൽ പെട്ടില്ല. ഉള്ളൂർ മഹാകവി എഴുതുന്നു. പയ്യന്നൂർ പാട്ട് എന്നൊരു
കൃതിയെപ്പറ്റി ഡോക്ടർ ഗുണ്ടർട്ട് ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ട്. ആ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/27&oldid=199250" എന്ന താളിൽനിന്ന് ശേഖരിച്ചത്