താൾ:33A11414.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 125 —

53. സുവാരസ വാഴ്ചയുടെ ആരംഭം.

സുവാരസ് 11 വർഷത്തിന്മുമ്പിൽ പന്തലായിനി തൂക്കിൽ
വെച്ചു ജയം കൊണ്ടതല്ലാതെ [26 ആമത നോക്കുക] അപ്രസിദ്ധന
ത്രെ. അതുകൊണ്ടു പല ദിക്കിൽ നിന്നും നീരസ ഭാവങ്ങളെ കണ്ടാറെ
താൻ പ്രാപ്തിയുള്ളവൻ എന്നു കാണിക്കേണ്ടതിന്നു മുമ്പെ കൊല്ല
ത്തോടു വൈരം സമൎപ്പിച്ച് ഇണക്കം വരുത്തട്ടെ എന്നു വെച്ചു കൊ
ച്ചിയിൽനിന്ന് സമൎത്ഥ ദൂതരെ അയച്ചു യുദ്ധനിവൃത്തി വരുത്തുകയും
ചെയ്തു. അന്നു കൊല്ലത്തെ രാജാവ് ബാലനത്രെ, അവന്റെ ജ്യേഷ്ഠ
ത്തിയായ ആഴിപണ്ടാരി രാജ്ഞി എന്ന പേരുള്ളവൾ ആറ്റിങ്കൽ
തമ്പുരാട്ടിയായിരിക്കും. ആയവൾ അവനുവേണ്ടി രാജ്യകാര്യം നോ
ക്കുമ്പോൾ, പൊർത്തുഗീസരിൽ മമത ഭാവിച്ചു അവർ ഉപദേശിച്ച
വഴിയിൽ ഇണങ്ങിവരികയും ചെയ്തു. അന്നെത്തെ നിയമപ്രകാരം
ആവിതു: "10 വർഷത്തിന്മുമ്പിൽ [30] ദസാ മുതലായ പറങ്കികളെ
കൊന്നു വസ്തുക്കൾ നാനാവിധമാക്കിയതിന്നു രാജ്ഞി 500 ഭാരം മുളകു
വെക്കേണ്ടതു അന്നു ചുട്ടുപോയ തൊമാപ്പള്ളിയെ രാജ്ഞി താൻ പുതു
തായി കെട്ടുക. പള്ളിവക ഒക്കയും യഥാസ്ഥാനമാക്കുകയും ചെയ്ക.
(19) ഇനി മുളകു വിറ്റാൽ പൊർത്തുഗലിന്നു മുമ്പെകാട്ടി കൊച്ചി
വിലക്കു കൊടുക്കുക, മാപ്പിള്ളമാരുടെ വമ്പു താഴ്ത്തി രക്ഷിച്ചു
കൊൾക." എന്നിങ്ങിനെ മന്ത്രിമാരായ പിള്ളമാർ ഒപ്പിട്ടു മേൽ പ
റഞ്ഞ മുളകു ഏല്പിച്ചു തുടങ്ങുകയും ചെയ്തു. ഇവ്വണ്ണം കാര്യസിദ്ധി ഉ
ണ്ടാകയാൽ സുവാരസ് ഗൎവ്വിച്ചു കോഴിക്കോട്ടിൽ എത്തിയാറെ,
താമൂതിരി അൾബുകെൎക്കിന്റെ മരണത്താൽ ഖേദിച്ച പ്രകാരം കേട്ടു
ഇഷ്ടക്കേടു ഭാവിച്ചു "കൂടിക്കാഴ്ചക്കു രാജാവ് കോട്ടയിൽ വരുമല്ലൊ"
എന്നു ചോദിപ്പിച്ചു "ഇതു മാനക്കുറവായി തോന്നും, കോട്ടയുടെ പു
റത്തു ഏതുസ്ഥലമെങ്കിലും മതി" എന്ന് ഉത്തരം കേട്ടാറെ സുവാരസ്
ക്രുദ്ധിച്ചു വെറും വാദത്താൽ 12 ദിവസം കഴിച്ചു പടക്കു കോപ്പിട്ടു
പോയശേഷം, കപ്പിത്താന്മാർ ഒക്കത്തക്ക സന്നിധാനത്തിങ്കൽചെന്നു
"നിങ്ങൾ കല്പിച്ചാലും ഞങ്ങൾ ഇങ്ങിനെ നിസ്സാര കാര്യം ചൊല്ലി
വാൾ ഊരുകയില്ല സത്യം.” എന്നുണൎത്തിച്ചതു കേട്ടപ്പോൾ കുറയ
അടങ്ങി കോട്ടയുടെ വാതുക്കൽ വെച്ചു താമൂതിരിയെ കണ്ടു സംഭാഷി
ക്കയും ചെയ്തു. അന്നു വാഴുന്ന രാജാവ് എത്രയും സന്ധിപ്രിയൻ ആക
കൊണ്ടത്രെ പടകൂടുവാൻ സംഗതി വരാഞ്ഞതു. പിന്നെ അൾബു
കെർക്കിന്റെ മരണം കേട്ടാറെ, ഭട്ടക്കളയിലെ മാപ്പിള്ളമാർ കലഹി
ച്ചു പറങ്കികൾ വിചാരിയാത്ത സമയം ആയുധം എടുത്തു, 24 വെള്ള
ക്കാരെ കൊല്ലുകയും ചെയ്തു. അതുകൊണ്ടു സുവാരസ് ഭട്ടക്കളയിൽ
ഓടി വിസ്താരം കഴിക്കുമ്പോൾ, മാപ്പിള്ളമാർ മുഖസ്തുതി പറഞ്ഞു
കൊണ്ടു വശീകരിച്ചു കുറ്റക്കാർക്ക് ആൎക്കും ദണ്ഡം വിധിച്ചതും ഇല്ല.
അതിനാൽ കൎണ്ണാടകത്തിൽ ചോനകർ ഞെളിഞ്ഞു ഭയം എന്നിയെ
കടല്പിടിക്കു പിന്നെയും തുനികയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/197&oldid=199420" എന്ന താളിൽനിന്ന് ശേഖരിച്ചത്