താൾ:33A11414.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമുഖ പഠനം

പ്രൊഫ. സ്കറിയാ സക്കറിയ

‘ഗുണ്ടർട്ടെന്ന പ്രബലമതിമാനിട്ട നൂലൊട്ടു കൊള്ളാം’ എന്ന കോവുണ്ണി
നെടുങ്ങാടി എഴുതിയതു (കേരള കൗമുദി) മലയാള
വ്യാകരണത്തെക്കുറിച്ചാണെങ്കിലും ഗുണ്ടർട്ടു കൈവച്ച എല്ലാ കേരള പഠന
മേഖലകളിലും ഈ പ്രസ്താവം സാധുവാണ്. കേരളോല്പത്തിയും മറ്റും എന്ന
ഈ വാല്യത്തിൽ ചരിത്രം, ഭൂമിശാസ്ത്രം, നാടോടി വിജ്ഞാനീയം,
പാഠപുസ്തകരചന, പാഠ നിരൂപണം, പ്രാചീന ഗ്രന്ഥങ്ങളുടെ സംശോധിത
സംസ്കരണം എന്നീ മണ്ഡലങ്ങളിൽ അദ്ദേഹത്തിനു ചിരപ്രതിഷ്ഠ
നേടിക്കൊടുത്ത കൃതികൾ അവതരിപ്പിക്കയാണ്. മലയാള രാജ്യം,
കേരളോല്പത്തി, ഒരു ആയിരം പഴഞ്ചൊൽ, പാഠാരംഭം, പാഠമാല,
ലോകചരിത്രശാസ്ത്രം എന്നിങ്ങനെ മലയാളികൾ പേരുകൊണ്ടുമാത്രം
അറിഞ്ഞിരുന്ന കൃതികളും അതി പ്രശസ്തമായ കേരളപഴമയും ഈ
സമാഹാരത്തിലുണ്ട്. കേരളത്തിലെ പരമ്പരാഗത ക്രൈസ്തവസമൂഹത്തിന്റെ
ആദ്യകാല ചരിത്രമാണ് ‘നസ്രാണികളുടെ പഴമ’ ആമുഖ പഠനത്തിലൂടെ
വിലപ്പെട്ട മറ്റുചില കൃതികൾകൂടി പരിചയപ്പെടുത്തുന്നു.ജോസഫ് പീറ്റിന്റെ
ഭൂമിശാസ്ത്രം (1853), പത്തൊമ്പതാം നൂറ്റാണ്ടില മൂന്നു ഇന്ത്യാ ചരിത്രങ്ങൾ
(1859, 1869, 1881), ഗുണ്ടർട്ടിന്റെ വലിയ പാഠാരംഭം, ലോകചരിത്ര സംക്ഷേപം
(1859) കോട്ടയത്തു അച്ചടിച്ച ഹിതോപദേശഃ (1847) എന്നിവ
അക്കൂട്ടത്തിൽപ്പെടും. ആമുഖ പഠനത്തിൽ ഭാഷാ ചരിത്ര വിദ്യാർത്ഥികൾക്കും
കേരള ചരിത്ര ഗവേഷകർക്കും ഏറ്റവും ആഹ്ലാദകരമാകാവുന്നത് ഒന്നര
നൂറ്റാണ്ടായി മലയാളികളുടെ കണ്ണിൽ നിന്നു മറഞ്ഞിരുന്ന പയ്യന്നൂർപ്പാട്ടിൽ
നിന്നുള്ള ഉദ്ധരണികളാവാം. പയ്യന്നൂർപ്പാട്ടിനെക്കുറിച്ചുള്ള വിശദമായ
ചർച്ചകൾക്ക് ഇതു തുടക്കം കുറിച്ചേക്കും. ട്യൂബിങ്ങനിലെ ഹെർമൻ ഗുണ്ടർട്ട്
ഗ്രന്ഥശേഖരത്തിലുള്ള തച്ചോളിപ്പാട്ടുകളിൽ നിന്നു ഒരു ഭാഗവും ആമുഖ
പഠനത്തിൽ ഉദ്ധരിക്കുന്നുണ്ട്.

ഗുണ്ടർട്ടിന്റെ ആദ്യകാല സാംസ്കാരിക പഠനങ്ങളുടെ അനശ്വര
സ്മാരകമാണ് കേരളോൽപത്തി. 1843-ൽ മംഗലാപുരത്തു ഇതു ആദ്യം
അച്ചടിച്ചു. കേരളോൽപത്തിയുടെ ഒന്നിലേറെ പകർപ്പുകൾ ഇക്കാലത്തു
അദ്ദേഹം കണ്ടിരുന്നു. കേരളമാഹാത്മ്യം,കേരളനാടകം എന്നീ പേരുകളിലുള്ള
കേരളോത്പത്തി വിവരണങ്ങളും അദ്ദേഹം വിശദമായി പരിശോധിച്ചു.
കേരളോത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഇത്ര വ്യാപകമായും
വിശദമായും പഠിച്ചു. മറ്റൊരു പണ്ഡിതൻ ഇന്നോളം ഉണ്ടായിട്ടില്ല.
കേരളോത്പത്തിയുടെ ഒരു ഓലപ്പകർപ്പു പണ്ടു മുതൽ
ട്യൂബിങ്ങനിലുണ്ടായിരുന്നു. രണ്ടു ഓലപ്പകർപ്പുകൾ അടുത്ത കാലത്തു (1991)
കാല്‌വിലെ ഗുണ്ടർട്ടു ഭവനത്തിൽ നിന്നു ട്യൂബിങ്ങനിൽ വന്നു ചേർന്നിട്ടുണ്ട്.
കേരള മാഹാത്മ്യം എന്ന ആറധ്യായങ്ങളും 2217 ശ്ലോകങ്ങളുമുള്ള ഗ്രന്ഥം
ഓലപ്പകർപ്പായി ഗുണ്ടർട്ടിനു ലഭിച്ചിരുന്നു. അതു ട്യൂബിങ്ങൻ സർവകലാശാലാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/17&oldid=199239" എന്ന താളിൽനിന്ന് ശേഖരിച്ചത്