ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

75
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


അവർ ഒരു കൊച്ചു ചായക്കടയിലേക്ക് കയറി. പൊടുന്നനെ ആ കടയുടെ തറ തെന്നിമാറി. അവർ താഴേക്കുവീണു. അവർ ബഹളം വച്ചു. പക്ഷേ, ആരും സഹായത്തിനായി ഓടിയെത്തിയില്ല.

രാജാവിന് കോപം വരാതിരിക്കുമോ? അദ്ദേഹം പറഞ്ഞു “കൊള്ളാം, രാജാവിന് ഉഗ്രൻ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്. നമ്മൾ എവിടെയാണ്? എന്തിനാണ് നമ്മളെ കുഴിയിൽ ചാടിച്ചിരിക്കുന്നത്?"

പൊടുന്നനെ അവർ ഒരു പൊട്ടിച്ചിരി കേട്ടു. അതിനു പിന്നാലെ ഒരു വയസനെ അവർ മുകളിൽ കണ്ടു.

“ഹഹഹ... മൂന്നു ദിവസത്തിനുള്ളിൽ നിങ്ങളെ ഞാൻ കൊല്ലും. നിങ്ങളുടെ ഇറച്ചി എന്റെ ചായക്കടയിലെ ഒരുഗ്രൻ വിഭവമായി മാറും. ഞങ്ങളുടെ ചായക്കട രുചിയേറിയ വിഭവങ്ങൾക്ക് പേരുകേട്ടതാണ്." ഇത്രയും പറഞ്ഞിട്ട് അയാൾ മറഞ്ഞു.

നമ്മൾ ആരാണെന്ന് അയാളോടു പറഞ്ഞാലോ? ഒരു മന്ത്രി അഭിപ്രായപ്പെട്ടു. “അയ്യോ, വേണ്ട അതറിഞ്ഞാൽ ഇന്നുതന്നെ അയാൾ നമ്മുടെ കഥ കഴിക്കും. എനിക്ക് ചിന്തിക്കാൻ സമയം തരൂ” രാജാവിന്റെ മറുപടി.

ചുമരിൽ ചാരിയിരുന്ന് അദ്ദേഹം ചിന്തിച്ചു. കുറെസമയത്തിനുശേഷം ആ വൃത്തികെട്ട വൃദ്ധൻ വീണ്ടും പ്രത്യക്ഷനായി. ഇതാ കുറച്ചു കുടിവെള്ളം. പക്ഷേ, നിങ്ങൾക്ക് തിന്നാനൊന്നും ഞാൻ തരില്ല. നിങ്ങൾക്കിപ്പോൾ ആവശ്യത്തിലധികം തടിയുണ്ട്."

“ഞങ്ങൾ മരിക്കണമെങ്കിൽ മരിക്കാം. അതിന് യാതൊരു മടിയുമില്ല. പക്ഷേ, നിങ്ങൾക്ക് ഉപകാരമുണ്ടാകുന്ന ഒരു കാര്യം പറയട്ടെ. അതിൽ നിന്ന് നിങ്ങൾക്ക് കുറച്ച് പണവും കിട്ടും.” രാജാവ് വൃദ്ധനോട് പറഞ്ഞു.

“പണം എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്താ കാര്യം? പറയൂ” വൃദ്ധന് ഉത്സാഹമായി. രാജാവ് പറഞ്ഞു “ഞാനൊരു നെയ്ത്തുകാരനാണ്. എന്റെ നെയ്ത്ത് രാജ്ഞിക്ക് ഏറെയിഷ്ടമാണ്. ഞാനൊരു തൂവാല നെയ്തുതരാം. അതവർക്ക് കൊണ്ടുപോയി നൽകണം. നിങ്ങളുടെ കടയിലെ നല്ല വിഭവങ്ങളിൽ നിന്നും കിട്ടുന്ന പണത്തേക്കാൾ എത്രയോ അധികം അവർ നിങ്ങൾക്ക് തരികയും ചെയ്യും."

വൃദ്ധൻ ഒരു തറിയും നൂലും കൊണ്ടു വന്നുകൊടുത്തു. രാജാവ് നെയ്ത്തു തുടങ്ങി. അദ്ദേഹം സക്കിയയ്ക്ക് മനോഹരമായ ഒരു തൂവാല നെയ്തു. വൃദ്ധൻ അതുമായി കൊട്ടാരത്തിലേക്കു പോയി.

അയാൾ രാജ്ഞിയോടു പറഞ്ഞു “എന്റെ കൈവശം ചന്തമുള്ള ഒരു തൂവാലയുണ്ട്. ഇതാ നോക്കൂ. ഒരു നല്ല നെയ്ത്തുകാരനുണ്ടാക്കിയതാണ്. നിങ്ങൾ ഇത് വാങ്ങുമോ? തൂവാല കണ്ടയുടൻ രാജാവ് ആപത്തിൽ അകപ്പെട്ടിരിക്കുന്നതായി സക്കിയ മനസിലാക്കി.

“ഞാനിത് ഇഷ്ടപ്പെടുന്നു. ഇത് ഞാൻ വാങ്ങുന്നു” എന്നുപറഞ്ഞ് സക്കിയ തൂവാല സ്വന്തമാക്കി വൃദ്ധന് പണവും നൽകി.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/77&oldid=238771" എന്ന താളിൽനിന്ന് ശേഖരിച്ചത്