ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


കലം കാണുന്ന ആർക്കും അതിനടിയിൽ പണമുണ്ടെന്ന് തോന്നുകയില്ല. ആ കലവുമായി അയാൾ അയലത്തു ചെന്നു. “ഈ വെണ്ണക്കലം ഞാൻ മടങ്ങിവരുന്നതുവരെ സൂക്ഷിക്കണം” എന്ന് അയൽക്കാരനോട് ആവശ്യപ്പെട്ടു. അതിനകത്തു പണമുണ്ടെന്ന കാര്യം അയാൾ പറഞ്ഞതുമില്ല.

മാസം ഒന്നു കഴിഞ്ഞു. രണ്ടു കഴിഞ്ഞു. അയാൾ മടങ്ങിവന്നില്ല. അയൽവാസി കരുതി: “വെണ്ണ കേടായിപ്പോയതുതന്നെ.” അയാൾ വെണ്ണ മുഴുവനും എടുത്തു. അതിനടിയിലുണ്ടായിരുന്ന നാണയങ്ങൾ മുഴുവൻ അയാൾ കണ്ടു. അതുമുഴുവൻ അയാൾ കൈവശമാക്കി. പകരം ചെറിയ കല്ലുകൾ ഇട്ടുവെച്ചു. മുകളിൽ വേറെ വെണ്ണയും നിറച്ചു.

യാത്രയൊക്കെ കഴിഞ്ഞ് കലത്തിന്റെ ഉടമ മടങ്ങിവന്നു. വെണ്ണക്കലം ചോദിച്ചു. കലവും വാങ്ങി വീട്ടിലെത്തിയ ഉടൻ അയാൾ വെണ്ണ മുഴുവൻ മാറ്റിനോക്കിയപ്പോൾ കണ്ടത് കുറെ പൊടിക്കല്ലുകൾ. അയാൾക്ക് വല്ലാത്ത കോപം വന്നു. അങ്ങനെയിരിക്കെ അയാളുടെ ഒരു ചങ്ങാതി അയാളെ കാണാനെത്തി. “എടോ ചങ്ങാതീ, നിങ്ങളെന്താ കോപിച്ചിരിക്കുന്നത്? എന്തുണ്ടായി?” അയാൾ ചോദിച്ചു.

“ചങ്ങാതീ, ഞാനൊരു മണ്ടച്ചാരാണെടോ” എന്നു പറഞ്ഞ് അയാൾ ഉണ്ടായതുമുഴുവൻ ചങ്ങാതിയെ പറഞ്ഞു കേൾപ്പിച്ചു.

“ശരി നിങ്ങൾക്ക് പണം തിരികെ കിട്ടുവാൻ വഴിയുണ്ടാക്കാം. എന്നോടൊപ്പം കാട്ടിലേക്കു വരിക. ചങ്ങാതി പറഞ്ഞതനുസരിച്ച് ഇരുവരും വനത്തിൽ പോയി. ഒരു കുരങ്ങനെ പിടിച്ചുകൊണ്ടുവന്നു.

“ഇനി നിങ്ങളുടെ അയൽവാസിയോടു പറയുക, നിങ്ങളോടൊപ്പം അങ്ങാടിയിൽ പോകാൻ മകനെയൊന്നു വിട്ടുതരാൻ.” അയാൾ അയലത്തുചെന്നു മകനെ വിട്ടുതരാൻ പറഞ്ഞു. അയൽവാസി വിട്ടുകൊടുക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/70&oldid=238763" എന്ന താളിൽനിന്ന് ശേഖരിച്ചത്