ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
17

മുയലും പുലിയും


ഒരുകാലത്ത് പുലിയും മുയലും വലിയ കൂട്ടുകാരായിരുന്നു. താമസവും ഒന്നിച്ചുതന്നെ. പക്ഷേ അടുക്കള വെവ്വേറെയായിരുന്നു. എന്നു വെച്ചാൽ ഭക്ഷണം പാകംചെയ്യലും തീറ്റയുമൊക്കെ പ്രത്യേകം പ്രത്യേകം.

ഒരു ദിവസം അവർ കൃഷി ചെയ്യാൻ തീരുമാനിച്ചു. ഒരുമിച്ചല്ല. വെവ്വേറെ തന്നെ. രാവിലെ രണ്ടുപേരും തൂമ്പയെടുത്തുംകൊണ്ട് വയലിലേക്കു പോകും. മുയൽ തന്റെ തോട്ടത്തിൽ എത്തിയ ശേഷം കൈയിലും കാലിലും കുറെ ചെളിവാരിത്തേച്ചശേഷം നേരെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നത് പതിവാക്കി. എന്നിട്ട് ഉച്ചവരെ അവൻ വെയിലു കാഞ്ഞുകിടക്കും.

പുലി ഊണിനു വരുമ്പോൾ മുയൽ പറയും “ഞാൻ തോട്ടപ്പണി കഴിഞ്ഞ് ഇപ്പോഴിങ്ങ് എത്തിയതേയുള്ളൂ. എന്നിട്ട് വലിയ ക്ഷീണമൊക്കെ അഭിനയിച്ച് കാണിക്കും.

പുലി തന്റെ തോട്ടത്തിൽ പയറും കുമ്പളവും പാവലുമൊക്കെ നട്ടു. ഒരു ദിവസം കുറെ പയർ കൊണ്ടുവന്ന് അവൻ കറിവയ്ക്കുകയും ചെയ്തു. അതുകണ്ട് മുയൽ പറഞ്ഞു “എന്റെ പയറും വിളയാറായി. നാളെ കുറെ ഞാൻ പറിച്ചുകൊണ്ടുവരുന്നുണ്ട്.

അന്നുരാത്രി അവൻ ആരും കാണാതെ പുലിയുടെ തോട്ടത്തിൽ നിന്നും കുറെ പയർ മോഷ്ടിച്ചു. പിന്നെ കുറെ കുമ്പളം കട്ടു. പാവലിനെയും വിട്ടില്ല. അതെല്ലാം തന്റെ തോട്ടത്തിൽ നിന്നാണെന്ന് അവൻ പുലിയോട് പറഞ്ഞു.

മുയൽ മോഷണം പതിവാക്കി. കുറെ ദിവസം കഴിഞ്ഞപ്പോൾ പുലിക്ക് മനസിലായി തന്റെ തോട്ടത്തിൽ നിന്നും പയറും മറ്റും മോഷണം പോകുന്നുവെന്ന്. കള്ളനെ പിടികൂടാൻ തന്നെ അവൻ തീരുമാനിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/61&oldid=238753" എന്ന താളിൽനിന്ന് ശേഖരിച്ചത്