ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


നിന്റെ വാഗ്ദാനം എപ്പോഴും ഓർമവേണം."

വൈകുന്നേരം ജോലി കഴിഞ്ഞ് കിസുലിയെത്തുമ്പോൾ കുഞ്ഞിനെ ഏൽപ്പിച്ച് മാൻ കാട്ടിലേക്കോടി മറയും.

ഇങ്ങനെയൊരു സംഭവം നടക്കുന്ന വിവരം കിസുലിയുടെ ഭർത്താവ് അറിഞ്ഞതേയില്ല. അയാളെങ്ങനെ അറിയാൻ മിക്കപ്പോഴും അയാൾ വേട്ടയ്ക്ക് പോയിരിക്കുകയാവും. ഒരു ദിവസം രാത്രി ഭർത്താവിനോട് കിസുലിയങ്ങു പറഞ്ഞുപോയി.

“ഒരു മാൻ എന്നും ഞാൻ ജോലി ചെയ്യുന്ന തോട്ടത്തിൽ വരാറുണ്ട്. നിങ്ങൾക്കതിനെ കാണണമെങ്കിൽ നാളെ വന്ന് ഒളിച്ചുനിന്നുകൊള്ളൂ.

ഭാര്യ നൽകിയ പുതിയ വാർത്തകേട്ട് അയാൾക്ക് സന്തോഷമായി. അത്രയ്ക്ക് രുചിപ്രദമാണ് മാനിറച്ചി. അയാളുടെ വായിൽ വെള്ളമൂറി. അടുത്ത ദിവസം അത്താഴത്തിന് മാനിറച്ചി ശാപ്പിടുന്നത് അയാൾ സ്വപ്നം കണ്ടു.

പിറ്റേന്നും പതിവുപോലെ കിസുലി ജോലിക്ക് തോട്ടത്തിലേക്ക് പോയി. മാൻ അവളെക്കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. കുഞ്ഞിനെ ഏൽപ്പിച്ചിട്ട് അവൾ കൂന്താലിയുമേന്തി കഠിനാധ്വാനം ചെയ്യുവാനായി പോയി. മാൻ കുഞ്ഞിനെയും എടുത്ത് തോട്ടത്തിനു സമീപമുള്ള കാട്ടിലേക്ക് നടന്നു. അപ്പോൾ അത് ഇങ്ങനെ പാടുന്നുണ്ടായിരുന്നു.

“നിന്നുണ്ണി പൊന്നുണ്ണി കാക്കുന്നു ഞാൻ
നിന്റെ വാഗ്ദാനം എപ്പോഴും ഓർമവേണം."

കുറെ നേരം കഴിഞ്ഞ് കിസുലിയുടെ ഭർത്താവ് അമ്പുകളും വില്ലുമെടുത്ത് തന്റെ ഭാര്യ പോയ വഴിയെ നടന്നു. തോട്ടത്തിനു സമീപത്ത് കാട്ടിലുള്ള ഒരു വൻമരത്തിനു പിന്നിലിരുന്ന് അയാൾ പരിസരം വീക്ഷിച്ചു. കുറച്ചകലെനിന്നും ഒരു താരാട്ടുപാട്ട് അയാൾ കേട്ടു. ആ ദിശയിലേക്ക് അയാൾ മെല്ലെ നോക്കി ഇടയ്ക്കിടെ പേടിച്ച് പരിസരത്തെല്ലാം നോക്കി ഒരു മാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് അയാൾ കണ്ടു. അതിന്റെ കൈയിൽ ഒരു കുഞ്ഞുമാനിനെപ്പോലെ എന്തോ ഉണ്ടെന്ന് അയാൾ മനസിലാക്കി. പക്ഷേ എന്താണതെന്ന് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. തന്റെ കുഞ്ഞാണതെന്ന് അയാൾ അറിഞ്ഞില്ല. അയാൾ എങ്ങനെ അറിയാനാണ്? അക്കാര്യം കിസുലി അയാളോട് പറഞ്ഞില്ല. മനഃപൂർവമാണോ അതോ മറന്നു പോയതാണോ എന്ന് അറിയില്ല.

ആ മൃഗത്തെ വേട്ടയാടാൻ അയാൾ തയാറെടുത്തു. ഒരു വിദഗ്ധ വേട്ടക്കാരനായ അയാളുടെ കൈയിൽ ഒരു പ്രത്യേകതരം അസ്ത്രമുണ്ടായിരുന്നു. ഒരിക്കലും ലക്ഷ്യം പിഴയ്ക്കില്ലെന്നതായിരുന്നു ആ ശരത്തിന്റെ സവിശേഷത. ആ അസ്ത്രം അയാളെടുത്ത് ഒരു കണ്ണടച്ച് മാനിനെ നോക്കി ഉന്നം വെച്ചു. ശരിയായ സ്ഥാനത്തേക്കാണ് ഉന്നം വെച്ചതെന്ന് ഉറപ്പിച്ച അയാൾ അസ്ത്രം വിട്ടയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/44&oldid=238718" എന്ന താളിൽനിന്ന് ശേഖരിച്ചത്