ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


മായി വന്നു. വിറകുശേഖരിക്കാനും തോട്ടത്തിൽ ജോലി ചെയ്യാനും അടുത്തുള്ള കൊച്ചരുവികളിൽ നിന്ന് മത്സ്യം പിടിക്കാനും അവർക്ക് പോകാതെ പറ്റില്ലല്ലോ.

കുട്ടിയെ നോക്കാനായി ഒരു പെൺകുട്ടിയെ തെരഞ്ഞ് കിസുലിയുടെ ഭർത്താവ് ഒത്തിരി നടന്നു.

പക്ഷേ, ഒരമ്മയും തന്റെ പെൺകുട്ടിയെ അയയ്ക്കാൻ തയാറായില്ല. കാരണം ഒരു വിചിത്ര സ്വഭാവക്കാരിയായിരുന്നു അവർ. ഒരു ദുർമന്ത്രവാദക്കാരിയാണ് കിസുലിയെന്നായിരുന്നു നാട്ടുകാർ വിശ്വസിച്ചിരുന്നത്.

നിരവധി വൈദ്യന്മാരെയും ജ്യോത്സ്യന്മാരെയും കണ്ട് തന്റെ ഭാര്യയെ ആളുകൾ വെറുക്കുന്നതെന്താണെന്ന് അയാൾ ആരാഞ്ഞു. കിസുലിയുടെ വിചിത്രപ്രവൃത്തികൾ കൊണ്ടാണ് എല്ലാവരും അവളെ വെറുക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. അങ്ങനെ കുട്ടിയെ നോക്കാനാളെ തെരയുന്നത് അയാൾ നിർത്തി.

പക്ഷേ, ജോലി ചെയ്യാതെ വല്ലതും കഴിക്കാൻ പറ്റുമോ? അവൾ കുട്ടിയെ മുതുകിൽ കെട്ടിയിട്ട് ജോലിക്ക് പോയിത്തുടങ്ങി. കാടിൻ നടുവിലുള്ള ഒരു തോട്ടത്തിലായിരുന്നു അവൾക്ക് ജോലി. എല്ലാ കുട്ടികളേയും പോലെ തന്നെ ഇടയ്ക്കിടയ്ക്ക് നിലവിളിക്കുന്ന കുട്ടിയെ ആശ്വസിപ്പിക്കാൻ കൂടുതൽ സമയം അവൾക്ക് ചെലവഴിക്കേണ്ടി വന്നു. അതിനാൽ കുറച്ചു ജോലി മാത്രമേ ദിവസവും ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.

കിസുലിയുടെ കഷ്ടപ്പാട് മനസിലാക്കിയ ഒരു മാൻ ഒരു ദിവസം അവളുടെ സമീപത്തേക്കുവന്നു. “നിങ്ങളുടെ കുഞ്ഞിനെ നോക്കാൻ ആരെയും ഏൽപ്പിക്കാത്തതെന്താണ്? നിങ്ങളെ ആരും സഹായിക്കില്ലേ?” മാൻ ചോദിച്ചു.

“എനിക്കറിഞ്ഞുകൂടാ. ലോകത്തുള്ള എല്ലാവരും എന്നെ വെറുക്കുന്നു. എന്നോട് സ്നേഹം അൽപ്പമെങ്കിലുമുള്ളത് എന്റെ ഭർത്താവിനു മാത്രമാണ്” എന്ന് കിസുലി മറുപടി പറഞ്ഞു.

അവരോട് അനുകമ്പ തോന്നിയ ദയാലുവായ ആ മൃഗം അവളെ സഹായിക്കാമെന്നേറ്റു. എന്നിട്ടു പറഞ്ഞു, “ഈ രഹസ്യം മറ്റൊരാളെപ്പോലും അറിയിക്കരുത്” കിസുലി അത് സമ്മതിച്ചു. അവർ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പാക്കിയ മാൻ അടുത്ത ദിവസം മുതൽ കുഞ്ഞിനെ നോക്കാൻ തയാറായി.

ഈ വിവരം പരമരഹസ്യമാക്കി വയ്ക്കണമെന്ന് മാൻ പറഞ്ഞതെന്താണെന്നോ? കിസുലിയുടെ ഭർത്താവ് പേരുകേട്ട ഒരു വേട്ടക്കാരനാണ്. നിരവധി മൃഗങ്ങളെ അയാൾ കൊന്നൊടുക്കിയിട്ടുണ്ട്. അത് മാനിന് അറിയുകയും ചെയ്യാം. അയാളെങ്ങാനും അറിഞ്ഞാൽ തന്റെ കഥ കഴിയുമല്ലോ എന്നോർത്താണ് മാൻ കിസുലിയോട് ഇപ്രകാരം അഭ്യർഥിച്ചത്.

മാൻ കുഞ്ഞിനെ നോക്കാൻ എന്നും തോട്ടത്തിനു സമീപമെത്തും. കുഞ്ഞിനെ ഏൽപ്പിച്ചിട്ട് കിസുലി ജോലി തുടങ്ങും. ഇടയ്ക്കിടയ്ക്ക്

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/42&oldid=238713" എന്ന താളിൽനിന്ന് ശേഖരിച്ചത്