ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


അനാൻസി നാട്ടിൽ ഉണ്ടായ ക്ഷാമത്തെക്കുറിച്ചും തന്റെ കുടുംബാംഗങ്ങളുടെ പട്ടിണിയെക്കുറിച്ചുമെല്ലാം അപ്പൂപ്പനോട് വിവരിച്ചു. താൻ പഴങ്ങൾ പറിച്ച കഥ പറഞ്ഞപ്പോൾ അവൻ കരഞ്ഞുപോയി. അപ്പുപ്പൻ അനാൻസിയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു, “കരയാതെ, പൊന്നു മോനെ, നിനക്കുവേണ്ടതു ഞാൻ തരാം. അത് ആ പഴങ്ങളേക്കാളും മികച്ചതാണ്.” ഇത് പറഞ്ഞിട്ട് അദ്ദേഹം കുടിലിനകത്തേക്ക് കയറി ഒരു കൊച്ചു കലമെടുത്തുകൊണ്ടുവന്നു. അപ്പൂപ്പൻ പറഞ്ഞു, “ഇതുകൊണ്ടു പോയി അമ്മയെ ഏൽപ്പിക്കുക. നിനക്കും നിന്റെ കുടുംബത്തിനും ഇനി പട്ടിണികിടക്കേണ്ടി വരില്ല. ആഹാരം വേണ്ട സമയത്ത് കലത്തോട് ഇത്രയും മാത്രം പറയുക, “കലമേ, കലമേ നീ അപ്പുപ്പന് ചെയ്തുകൊടുത്തതുപോലെ ഞങ്ങൾക്കും ദയവായി ചെയ്തു തരിക."

അപ്പൂപ്പന് നന്ദി പറഞ്ഞിട്ട് കലവുമായി അനാൻസി വേഗം മടങ്ങി. അവൻ തന്റെ തോണിയിൽ കയറി. ഉടൻ തന്നെ അവൻ പറഞ്ഞു. "കലമേ, കലമേ നീ അപ്പൂപ്പന് ചെയ്തുകൊടുത്തതുപോലെ എനിക്കും ദയവായി ചെയ്തു തരിക.” കലം ഞൊടിയിടയിൽ ഒന്നാന്തരം സദ്യ അവന് നൽകി. അതു മുഴുവൻ അനാൻസി അകത്താക്കി. അവന്റെ ക്ഷീണമൊക്കെ മാറി. അവൻ വേഗം വീട്ടിലെത്തി. അപ്പുപ്പൻ പറഞ്ഞതുപോലെ കലം അവൻ അമ്മയെ ഏൽപ്പിച്ചില്ല. “ഇതെന്റെ കലമാണ്. എന്റെ മാത്രം. ഞാനതു സൂക്ഷിക്കും. എനിക്ക് ആഹാരം വേണ്ടപ്പോൾ മാത്രമേ ഞാനതെടുക്കൂ.” ഇങ്ങനെ അനാൻസി തീരുമാനിച്ചു. ആരും കാണാത്തൊരിരിട്ടുമൂലയിൽ കലം അവനൊളിപ്പിച്ചുവെച്ചു. ആരും ഇല്ലാത്ത സമയത്തു മാത്രം കലത്തോട് തന്റെ ആവശ്യം പറഞ്ഞ് അവൻ ആഹാരം കഴിച്ചു പോന്നു.

ദിവസേന അവന്റെ അമ്മയും സഹോദരങ്ങളും ആഹാരത്തിനായി പുറത്തേക്ക് പോകുമ്പോൾ അവൻ പറയും, “എനിക്ക് നല്ല സുഖമില്ല. എനിക്ക് നടക്കാൻ വയ്യ. ഞാൻ വരുന്നില്ല.” അവർ പോയിക്കഴിയുമ്പോൾ അവൻ കലത്തിനടുത്തുചെന്ന് ഉഗ്രൻ സദ്യയുണ്ണും. അനാൻസിയുടെ സഹോദരി സഹോദരന്മാർ ദിവസം കഴിയുന്തോറും മെലിഞ്ഞുമെലിഞ്ഞു വന്നു. എന്നാൽ അനാൻസിയാണെങ്കിൽ തടിച്ചു തടിച്ചും വന്നു. ഒരനിയൻ ചിന്തിച്ചു: “അയാളെന്താ ദിവസേന തടിച്ചു തടിച്ചുവരുന്നത്. അയാൾക്കെന്തോ രഹസ്യമുണ്ട്. അതു കണ്ടുപിടിക്കണം.” പിറ്റേന്ന് അമ്മയോടൊപ്പം അവൻ പുറത്തേക്ക് പോയില്ല. വീട്ടിനുള്ളിലൊരിടത്ത് അനാൻസിയറിയാതെ അവൻ പാത്തിരുന്നു. ആരും വീട്ടിലില്ലെന്ന് കരുതി അനാൻസി കലത്തോടാവശ്യപ്പെട്ടു, “കലമേ കലമേ, അപ്പൂപ്പന് ചെയ്തു കൊടുത്തതുപോലെ എനിക്കും ചെയ്തു തരൂ” കലം പതിവുപോലെ അവന് ശാപ്പാട് നൽകി. ഇതെല്ലാം അനിയൻ കാണുന്നുണ്ടായിരുന്നു. അവന് അനാൻസിയുടെ രഹസ്യം പിടികിട്ടി.

അമ്മ മടങ്ങിവന്നപ്പോൾ അനിയൻ വിവരമെല്ലാം പറഞ്ഞുകേൾപ്പിച്ചു. അതുകേട്ട് ആ പാവം പൊട്ടിക്കരഞ്ഞു. “എന്റെ മോൻ ഇത്രയ്ക്ക് ചീത്തയായിപ്പോയല്ലോ!"

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/34&oldid=238690" എന്ന താളിൽനിന്ന് ശേഖരിച്ചത്