ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
31
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ
അനാൻസി പഴം തന്റെ തോണിയെ ലക്ഷ്യമാക്കി എറിഞ്ഞു. പക്ഷേ അത് കടലിലാണ് ചെന്നു വീണത്. “ഇഷ്ടം പോലെ പഴങ്ങൾ ഇനിയും മരത്തിലുണ്ടല്ലോ”യെന്ന് അവൻ സമാധാനിച്ചു. പക്ഷേ രണ്ടാമതു കിട്ടിയ പഴവും കടലിൽ വീണുപോയി. ഇങ്ങനെ ഏഴുവട്ടം സംഭവിച്ചു. ഒന്നാന്തരം ഏഴുപഴങ്ങളാണ് വെള്ളത്തിലായത്. കാറ്റ് അവയെ ഒഴുക്കിയൊഴുക്കി ദൂരെ കൊണ്ടുപോയി. അനാൻസി കുറെനേരം കരഞ്ഞു. അതു കേൾക്കാൻ പഴങ്ങൾക്ക് ചെവികളുണ്ടായിരുന്നില്ല. അവ തിരികെ വന്നതേയില്ല.
അവൻ പിന്നീട് തുരുത്തിലുള്ള ഒരു കാട്ടിലേക്ക് പോയി. അതിന്റെ നടുക്ക് ഒരു കൊച്ചുകുടിൽ അവൻ കണ്ടു. കുടിലിന്റെ മുറ്റത്തേക്ക് അനാൻസി ചെന്നു നിന്നു. ഒരപ്പൂപ്പൻ കുടിലിൽ നിന്നുമിറങ്ങി വന്നു. അദ്ദേഹം ചോദിച്ചു: “നിനക്കെന്തു വേണം മോനേ? പേടിക്കേണ്ട, എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളൂ."