ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8

അനാൻസിയുടെ അത്യാർത്തി


ഇതൊരു ചെറുക്കന്റെ കഥയാണ്. അവന്റെ പേര് അനാൻസിയെന്നാണ്.

ഒരിക്കൽ അനാൻസിയുടെ നാട്ടിൽ വലിയൊരു ക്ഷാമമുണ്ടായി. തിന്നാനൊന്നും കിട്ടാതെ ജനങ്ങൾ വലഞ്ഞു. അനാൻസിയും അവന്റെ സഹോദരീസഹോദരന്മാരും പട്ടിണിമൂലം അവശരായി. “എങ്ങനെയെങ്കിലും അൽപ്പം ആഹാരം കിട്ടിയിരുന്നെങ്കിൽ” എന്ന് വിചാരിച്ച് അവർ വീട്ടിലിരുന്ന് കരഞ്ഞു.

“പട്ടിണി കിടന്ന് ഞാൻ ചത്തുപോയതുതന്നെ അനാൻസി കരുതി. അവൻ എന്തെങ്കിലും തിന്നാനുള്ളത് കിട്ടുമെന്ന് കരുതി കടപ്പുറത്തേക്ക് നടന്നു. “മീനെന്തെങ്കിലും കിട്ടുമോയെന്ന് നോക്കാം” എന്നു വിചാരിച്ച് അവൻ കാത്തിരുന്നു. പക്ഷേ, ഒരു മീനും തീരത്തേക്ക് വന്നില്ല.

അങ്ങനെ വിഷമിച്ച് അനാൻസി കടൽക്കരയിലിരിക്കുമ്പോൾ കടലിൽ അൽപ്പമകലെയായി ഒരു പച്ചത്തുരുത്ത് കാണായി. ഒട്ടും താമസിയാതെ കടപ്പുറത്തിരുന്ന ഒരു ചെറുതോണി കടലിലിറക്കി അവൻ പച്ചത്തുരുത്തിനെ ലക്ഷ്യമാക്കി തുഴഞ്ഞു. തുരുത്തിലെത്തി തോണിയിൽ നിന്നിറങ്ങി അനാൻസി ഒരു മരച്ചുവട്ടിലിരുന്നു. വളരെ ഉയരമുള്ള ആ മരം നിറയെ പഴങ്ങളുണ്ടായിരുന്നു. മരത്തിൽ കയറി പഴങ്ങൾ പറിച്ചു തിന്നാൻ അവൻ ശ്രമിച്ചു. പക്ഷേ അതത്ര എളുപ്പമുള്ള പണിയല്ലായിരുന്നു. അനാൻസി പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പഴങ്ങൾ അവനെ കളിയാക്കിച്ചിരിച്ചു.

“കളിയാക്കുകയൊന്നും വേണ്ട, നിങ്ങളെ ഞാൻ പറിച്ചെടുക്കുക തന്നെ ചെയ്യും, നോക്കിക്കോ” അവൻ പറഞ്ഞു. അവൻ പഴം പറിക്കാനുള്ള ശ്രമം തുടർന്നു. അവസാനമൊരെണ്ണം കിട്ടി. “ഇതാ ഒരെണ്ണമെനിക്ക് കിട്ടിയല്ലോ” അവൻ വിളിച്ചു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/32&oldid=238681" എന്ന താളിൽനിന്ന് ശേഖരിച്ചത്