വളരെപ്പണ്ട് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു വേട്ടക്കാരനാണ് ഗാലുസ്. ഒരിക്കൽ അയാൾ കാട്ടിലേക്ക് വേട്ടയ്ക്കായിപ്പോയി. അയാളുടെ ഭാര്യയും അഞ്ച് ആൺമക്കളും കൃഷിപ്പണിക്കായി വയലിലേക്കും പോയി. അവർ വൈകിട്ട് മടങ്ങിയെത്തി. പക്ഷേ ഒഗാലുസ മടങ്ങിയെത്തിയില്ല. അയാളെ കാത്ത് അവർ വളരെ നേരമിരുന്നു. എന്നിട്ടും അയാൾ വന്നില്ല. അയാളില്ലാതെ അവർ അത്താഴം കഴിച്ചു. രാത്രി പോയി. പ്രഭാതം വന്നു. പക്ഷേ, ഒഗാലുസ വന്നെത്തിയില്ല. ആഴ്ചകൾ കഴിഞ്ഞു. മാസവുമൊന്നുരണ്ടു പിന്നിട്ടു. ഒഗാലുസയുടെ ഭാര്യ ഒരാൺകുഞ്ഞിനെക്കൂടി പ്രസവിച്ചു. അവന് പിലി എന്ന് പേരിട്ടു. എന്നിട്ടും അയാൾ മടങ്ങി വന്നില്ല.
ദിവസേന ഒഗാലുസയുടെ ഭാര്യ കൃഷിപ്പണിക്കുപോകും. ചിലപ്പോൾ മക്കൾ അവരെ സഹായിക്കും. ചിലപ്പോഴവർ വേട്ടയ്ക്കു പോകും. കുറെകാലം കഴിഞ്ഞ് ഒഗാലുസയുടെ കാര്യം അവരെല്ലാം മറന്ന മട്ടായി. ഏറ്റവും ഇളയവനായ പിലി നടക്കാൻ തുടങ്ങി. പക്ഷേ, അവൻ ഒന്നും സംസാരിക്കാൻ തുടങ്ങിയില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം അവൻ സംസാരിക്കാൻ തുടങ്ങി. അവനാദ്യമായി സംസാരിച്ച വാക്കുകൾ ഇത്രയുമായിരുന്നു “എന്റെ അച്ഛനെവിടെ?'
'നമ്മുടെ അച്ഛനെവിടെ?' അപ്പോൾ മൂത്തമകൻ ചോദിച്ചു. “നമുക്ക് കാട്ടിൽപ്പോയി അച്ഛനെ തെരയണം, രണ്ടാമൻ പറഞ്ഞു, “അദ്ദേഹം നടന്നുപോകാറുള്ള വഴി എനിക്കറിയാം” മൂന്നാമത്തെ മകൻ അറിയിച്ചു. " ആ വഴിയിലൂടെ നമുക്കൊരുമിച്ചു പോകാം. അങ്ങനെ അച്ഛനെ കണ്ടു പിടിക്കാം” നാലാമൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഇപ്പോൾത്തന്നെ പോകണം” എന്ന് അഞ്ചാമത്തെ മകൻ അഭിപ്രായപ്പെട്ടു.