ആഫ്രിക്കൻ നാടോടിക്കഥകൾ
നോട് അവൻ പറഞ്ഞു “ഞാനാ ഗ്രാമത്തിലേക്കു പോകുകയാണ്; അവിടെച്ചെന്നാൽ എന്റെ കുളിരും മാറ്റാം. എല്ലും തിന്നാം. ഞാൻ മടങ്ങി വരാൻ വൈകുകയാണെങ്കിൽ നീ "ഗ്വൗഗൗഗൗഗൗ' എന്നു കൂവി വിളിക്കണേ, ഞാനെവിടെയാണെന്ന് അപ്പോഴെനിക്കോർമ വരും. ഇങ്ങോട്ടു വരുന്ന കാര്യവും ഓർമിക്കും.”
കുറുക്കൻ അതു സമ്മതിച്ചു. നായ നാട്ടിൻപുറത്തേക്കോടിപ്പോയി. തീ കണ്ട സ്ഥലത്തെത്തി. അവിടെ ഒരു കുടിലുണ്ടായിരുന്നു. കുടിലിന്റെ മുറ്റത്ത് കുറെ എല്ലിൻ കഷണങ്ങൾ ചിതറിക്കിടക്കുന്നത് അവൻ കണ്ടു. ഒരു നായയ്ക്ക് സന്തോഷത്തിനിതിൽപരമെന്തു വേണം! അവൻ കൊതിയോടെ എല്ലിൻ കഷണങ്ങൾക്കടുത്തേക്ക് നടന്നു ചെന്നു. അപ്പോഴുണ്ട് ഒരാൾ കുടിലിനുള്ളിൽ നിന്നും ഇറങ്ങി വരുന്നു. നായ ഭയന്നുപോയി. അവൻ യാചിച്ചു. “അയ്യോ, ദയവായി എന്നെ കൊല്ലല്ലേ. ഞാനൊരു പാവം നായ. അൽപ്പം തീ കായാൻ വന്നതാണ്. കുറ്റിക്കാട്ടിലാണ് എന്റെ താമസം. തീ കാഞ്ഞിട്ട് ഞാനുടനെ സ്ഥലം വിട്ടേക്കാം."
“ശരി, ശരി. നീ തീ കാഞ്ഞുകൊള്ളൂ. കുളിരു മാറിയാൽ പിന്നിവിടെ കണ്ടേക്കരുത്. സ്ഥലം വിട്ടോണം."
വീട്ടുകാരൻ പറഞ്ഞത് നായ നന്ദിപൂർവം കേട്ടു. അവൻ തീ കായാൻ തുടങ്ങി. കുളിരു കുറഞ്ഞപ്പോൾ അവന് ആഹ്ലാദമായി. അവൻ താഴോട്ടുനോക്കി. തന്റെ മൂക്കിനു താഴെ അതാ കിടക്കുന്നു ഒരു വലിയ അസ്ഥിക്കഷണം. അവനത് നക്കിത്തിന്നാൻ തുടങ്ങി. വീട്ടുകാരൻ അപ്പോൾ പുറത്തുവന്നു ചോദിച്ചു: “ഇതുവരെ നിന്റെ കുളിരു മാറിയില്ലേ?”
“ഇല്ലില്ല.” ഇതുകേട്ട് അയാൾ അകത്തേക്ക് കയറിപ്പോയി.
അൽപ്പമകലെ മറ്റൊരെല്ലിൻ കഷണം കിടക്കുന്നത് നായ കണ്ടു. അവനതും തിന്നാൻ കൊതിച്ചു. അപ്രകാരം ചെയ്യുകയും ചെയ്തു. വീണ്ടും വീട്ടുകാരൻ വന്നു ചോദിച്ചു, “അല്ലല്ല, നിന്റെ കുളിരിത്രയായിട്ടും മാറിയില്ലേ?”
“ദയവുചെയ്ത് കുറച്ചുനേരം കൂടി ഇവിടെ നിൽക്കാൻ അനുവദിക്കണം. എന്റെ കുളിരിതുവരെയും മാറിയില്ല.” ഇതായിരുന്നു നായയുടെ മറുപടി.
വീട്ടുകാരൻ കുറെക്കഴിഞ്ഞ് പിന്നെയും വന്നു. നായ അയാളോട് കാര്യം തുറന്നങ്ങു പറഞ്ഞു. “എന്റെ കുളിരുമാറി. പക്ഷേ ഞാനിനി കുറ്റിക്കാട്ടിലേക്ക് മടങ്ങുന്നില്ല. അവിടെ മിക്കവാറും തണുപ്പാണ്, പട്ടിണിയുമാണ്. എന്നെ നിങ്ങളോടൊപ്പം ഈ ഗ്രാമത്തിൽ കഴിയാൻ അനുവദിക്കുമോ? പക്ഷിമൃഗാദികളെ വേട്ടയാടാൻ ഞാൻ സഹായിക്കാം. കാട്ടിലും കുറ്റിക്കാട്ടിലുമൊക്കെ നിങ്ങൾക്കു പരിചയക്കുറവായിരിക്കുമല്ലോ. നിങ്ങളെനിക്കൊന്നും തരേണ്ട, നിങ്ങൾക്കാവശ്യമില്ലാത്ത എല്ലിൻകഷണങ്ങൾ മാത്രം തന്നാൽ മതി.”