കുറുക്കനും നായയും വലിയ ചങ്ങാതിമാരായിരുന്ന ഒരു കാലമുണ്ടായിരുന്നു; ഇപ്പോഴെങ്ങുമല്ല, പണ്ടുപണ്ടൊരിക്കൽ. അവർ ഇണപിരിയാത്ത ചങ്ങാതിമാരായിരുന്നു. എന്നുവച്ചാൽ ഒരുമിച്ചാണ് വേട്ടയ്ക്കു പോക്ക്, ഒരുമിച്ചാണ് മടക്കം, ഒരുമിച്ചാണ് തീറ്റ, കിടന്നുറക്കവും ഒന്നിച്ചു തന്നെ.
ഒരു ദിവസം അവർ വേട്ടയ്ക്കു പോയി. കഷ്ടമെന്നേ പറയേണ്ടൂ. അവർക്കൊന്നും തന്നെ അന്ന് കിട്ടിയില്ല. രാത്രിയായപ്പോഴേക്കും വിശപ്പുകൊണ്ടവർ വലഞ്ഞു. പോരെങ്കിൽ കൊടും തണുപ്പും. “അയ്യോ, എന്തൊരു കഷ്ടം! വിശപ്പു സഹിക്കാൻ വയ്യ! തണുപ്പുകൊണ്ട് ഞാൻ വിറച്ചു പോകുന്നേ!” നായ നിലവിളിച്ചു.
കുറുക്കൻ പറഞ്ഞു: “നമുക്കെങ്ങനെയെങ്കിലും കിടന്നുറങ്ങാം. നേരം വെളുത്താലുടൻ നമുക്കു പോയി ഒരു മാനിനെ പിടിച്ചു തിന്നാം. പക്ഷേ എത്ര ശ്രമിച്ചിട്ടും നായക്കുറക്കം വന്നില്ല. അങ്ങനെ കിടക്കുമ്പോൾ കുറെ ദൂരെ അവനൊരു വെളിച്ചം കണ്ടു.
“കുറുക്കച്ചാരേ, കുറുക്കച്ചാരേ” അവൻ കുറുക്കനെ വിളിച്ചുണർത്തി. “എന്താണവിടെയൊരു വെട്ടം?
കുറുക്കൻ കോട്ടുവായിട്ടുകൊണ്ടു പറഞ്ഞു: "അതൊരു നാട്ടിൻപുറമാണ്. അക്കാണുന്ന വെട്ടം മനുഷ്യൻ കത്തിച്ച തീയാണ്."
“തീയ്ക്ക് നല്ല ചൂടുണ്ട്. ഇവിടെയാണെങ്കിൽ കൊടും തണുപ്പും. നീ പോയി കുറച്ചു തീ കൊണ്ടുവരാമോ? നീ സൂത്രശാലിയായതിനാൽ അപകടമൊന്നും വരികയുമില്ല. നായ ആവശ്യപ്പെട്ടു.
“വേണ്ട, വേണ്ട എന്നെക്കൊണ്ടു പറ്റില്ല. നിനക്ക് വേണമെങ്കിൽ നീ ചെന്നെടുത്തോ. എനിക്ക് ഒരടി നടക്കാൻ വയ്യ. നല്ല ഉറക്കവും വരുന്നു. ഇതും പറഞ്ഞ് കുറുക്കൻ ചുരുണ്ടുകൂടി കിടന്നുറങ്ങി.