Jump to content

താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ഒരു ഞെട്ടിലെ രണ്ടു പൂക്കൾ എന്നു ആ നാട്ടുകാർ അവരെപ്പറ്റി പറയാറുണ്ട്. ഒന്നിച്ചു കളിച്ചു, ഒന്നിച്ചു പഠിച്ചു ഒന്നിച്ചു ജയിച്ചു്. അങ്ങനെ അവർ മുമ്പോട്ടു പോയി. ആരും അവരെപ്പറ്റി എതിരു പറഞ്ഞില്ല. ആരും അവരുടെ കൂട്ടുകെട്ടിനെ പഴിച്ചില്ല ഭാവിയുള്ള രണ്ടു ചെറുപ്പക്കാർ, രണ്ടാത്മസുഹൃത്തുക്കൾ കൈകോർത്തുനടക്കുന്ന കാഴ്ചയായിരുന്നു അതു്. സോമൻ ആ നാട്ടിലെ ധനികന്മാരിൽ ഒരാളുടെ മകനാണു്. ആഭിജാത്യമുള്ള ഒരു കുടുംബത്തിലെ ഏകസന്താനം. പണംകൊണ്ടും പഠിപ്പുകൊണ്ടും പണ്ടു പേരുകേട്ടിട്ടുള്ള ഒരു കുടുംബം. പണവും നെല്ലും ദാനംചേയ്തും, വഴിപാടുകളും, ഭജനമിരുപ്പുകളും തീർത്ഥയാത്രകളും നടത്തിയും ലഭിച്ച ഒരു സന്തതി. അവൻ പിറന്ന ദിവസം പാവങ്ങൾക്കു് അരിയും തുണിയും ദാനം ചെയ്തു. "കുഞ്ഞു നന്നായി വരട്ടെ" നീറുന്ന ഹൃദയങ്ങൾ കുളുർത്തു് അന്നു് ആത്മാർത്ഥതയോടെ നിശ്വസിച്ചു. അതേ ! സോമന്റെ ജനനം ത്യാഗങ്ങളിൽനിന്നുമാണ്. രവീന്ദ്രൻ അതേ നാട്ടുകാരനാണ്. ഒരു സാധാരണക്കാരനാണു് അവന്റെ പിതാവു്. ഉണ്ണാനും ഉടുപ്പാനുമുള്ള മുതലുണ്ട്. അഞ്ചു സഹോദരികളും രണ്ടുസഹോദരങ്ങളുമയാൾക്കുണ്ട്. അവരിൽ മൂത്ത ആളാണ് രവി. പരുങ്ങി മുമ്പോട്ടു നീങ്ങുന്ന ഒരു കുടുംബമാണത്.