താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരാജിതൻ

ച്ചുനോക്കി. എന്നാൽ അന്നെങ്ങും അതിനു എനിക്കു് മറുപടി കിട്ടിയിട്ടില്ല. ഞാൻ കാളേജിൽ അടുത്തകൊല്ലം ചേർന്നു. ഹോസ്റ്റലിൽ താമസവും ആക്കി. ആ കൊല്ലം അമ്മയും മറ്റും ആറാട്ടുകാണുന്നതിനു് ഇവിടെ (തിരുവനന്തപുരത്തു്) വന്നു. ഞങ്ങൾ ആറാട്ടുകണ്ടിട്ടു് മടങ്ങിവരുമ്പോൾ ആ യാചകൻ റോഡരികിൽ ഇരുന്നു് യാചിക്കുന്നതുകണ്ടു. അതുകണ്ടപ്പോൾ അമ്മയുടെ മുഖംവാടി. അതു് ഞാൻ സൂക്ഷിച്ചു. ഞങ്ങൾ താമസിച്ചിരുന്നിടത്തു് എത്തിയശേഷം അമ്മയോടു് വീണ്ടും ആ യാചകനെപ്പറ്റി വീണ്ടും ചോദിച്ചു. എന്നാൽ മറുപടിഒന്നും ലഭിച്ചില്ല. ഒരാഴ്ചകഴിഞ്ഞു് എനിക്കു അമ്മയുടെ ഒരു എഴുത്തുകിട്ടി-- രമ എഴുനേറ്റു് ട്രങ്ക്പെട്ടിതുറന്നു് ഒരു എഴുത്തെടുത്തു് ആനന്ദത്തിന്റെ കയ്യിൽകൊടുത്തു ആ കത്തു് ഇതാ! ആനന്ദം ഇതു് വായിച്ചുനോക്കു്-- രമ മുഖംമറച്ചുപിടിച്ചു് വിങ്ങി വിങ്ങി വീണ്ടും കരഞ്ഞു. ആനന്ദം എഴുത്തുനിവർത്തു് വായനതുടങ്ങി. പ്രിയപ്പെട്ട രമയ്ക്കു്, പതിനെട്ടുകൊല്ലം മറച്ചുവച്ച ഒരു രഹസ്യം ഇന്നു് ഞാൻ നിന്നെ അറിയിക്കുന്നു. ഇത്രയുംനാളുകൾ അതു് നിന്നിൽനിന്നു മറച്ചുപിടിച്ചതിന്റെ മൂഢത എനിക്കു് ഇപ്പോൾമാത്രമേ മനസ്സിലായുള്ളൂ. അതിനാൽ നീ അതു് ക്ഷമിക്കുമെന്നു് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇതിൽ അപരാധി ആണോ? എന്തോ എനിക്കു് നിശ്ചയമില്ല. സമുദായത്തിന്റെ ക്രൂരമായ അവഹേളനങ്ങൾ ഭയന്നു് ഞാൻ, മഠയിയായ ഞാൻ അതു് ഇത്രയുംനാൾ മറച്ചു വച്ചു.