Jump to content

താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരാജിതൻ

ഉള്ളിലേക്കു് നോക്കി. അവൾ ഒന്നുഞെട്ടി. ആ പിച്ചക്കാരന്റെ ശവമാണതു്-- അവൾ രമയോടുപറഞ്ഞു. രമ ആ വണ്ടിക്കുള്ളിലേക്കു് സൂക്ഷിച്ചുനോക്കി. നിശ്ചലമായി തുറിച്ചുനോക്കിക്കൊണ്ടിരുന്ന ഭീകരങ്ങളായ രണ്ടുകണ്ണുകൾ, മെലിഞ്ഞു് എല്ലുന്തിയനെഞ്ച്, തണുത്തു് വിറുങ്ങലിച്ചു് ബലംതോന്നുന്ന കൈകൾ,-- ജടപിടിച്ച തല, ആ ഉണങ്ങിയവൃണത്തിന്റെപാടു്, രമ ഇതെല്ലാം കണ്ടു. അവൾ ഭയന്നു് ഒരുചുവടുപിൻപോട്ടുവച്ചു. അവൾ പൊട്ടിക്കരഞ്ഞു. വഴിപോക്കർ അവളുടെ കരച്ചിൽ കേട്ടു് തിരിഞ്ഞുനോക്കി പൊട്ടിച്ചിരിച്ചു. ആ വണ്ടി സാവധാനം അവരുടെ മുമ്പിൽകൂടി ശവക്കോട്ടയിലേക്കുള്ള വഴിയിലേയ്ക്കു് തിരിഞ്ഞു. രമേ! ഹ! കുറച്ചിൽ! കരയാതിരിക്കു. വഴിക്കാരൊക്കെ നോക്കിച്ചിരിക്കുന്നു.-- ആനന്ദത്തിനു് അസഹ്യമായി. വിങ്ങിവങ്ങിക്കരഞ്ഞുകൊണ്ടു് രമയും, മുഖംവീർപ്പിച്ചുകൊണ്ടു് ആനന്ദവും നടന്നുനടന്നു് ഹോസ്റ്റലിൽ എത്തി. രമ മുറിയിൽകയറി കതകടച്ചു ആനന്ദം അവളുടെ മുറിയിലേക്കു് പോയി. നിന്റെ നിർബ്ബന്ധംകൊണ്ടു് ഞാൻഅതു് വെളിപ്പെടുത്താം-- എന്റെ മിഥ്യാഭിമാനം മറച്ചുവച്ച ആ ചരിത്രം. ഒരു പരാജിതന്റെ ജീവിതഗ്രന്ഥത്തിലെ ഏടുകൾ മറിച്ചുകാണിക്കാം. നീ അതു അറിഞ്ഞാൽ കരഞ്ഞുപോകും. രമ വിങ്ങിവിങ്ങിക്കരഞ്ഞു. അവൾ കണ്ണുതുടച്ചു്, തല ഉയർത്തി പറഞ്ഞു. ആനന്ദം! തെണ്ടി അലഞ്ഞുജീവിച്ച ആ മനുഷ്യൻ, ആ വൃദ്ധയാചകൻ, എന്റെ അച്ഛനാണു്.