താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരാജിതൻ

ഞങ്ങൾ ഇതെല്ലാം കണ്ടിട്ടുണ്ടു്, കേട്ടോ! മിണ്ടാപ്പൂച്ചയാ കലം ഉടയ്ക്കുന്നതു്. രമയുടെ എന്തോ രഹസ്യങ്ങൾ ആ യാചകനു് അറിയാമായിരിക്കും. ഇല്ലെങ്കിൽ പിന്നെ ഇങ്ങനെ ഒരു ധർമ്മംകൊടുപ്പുണ്ടോ? ലളിത ചോദിച്ചു. നിനക്കു് എല്ലാം സംശയമാണു്. ആണുങ്ങൾ ആരെ എങ്കിലും നോക്കിയാൽ അത് പ്രണയമാണു്. ഞങ്ങളാരെങ്കിലും ഒരെഴുത്തെഴുതിയാൽ അതു് പ്രണയലേഖനമാണു്. കഷ്ടം! കഷ്ടം! രമ ഗേറ്റിലേക്കു നടന്നുപോയി. മദാലസമാർ രണ്ടാമത്തെ നിലയിൽ അതു് നോക്കിക്കൊണ്ടുനിന്നു. രമ ഗേറ്റിലെത്തി. ആ യാചകൻ അവിടെ നിൽക്കുന്നുണ്ടു്. മുഷിഞ്ഞു് കീറിവൃത്തിഹീനമായ കാക്കിത്തുണികൊണ്ടുള്ള വേഷം, പട്ടാളക്കാർ ധരിക്കാറുള്ള ചില ഛിഹ്നങ്ങൾ അതിൽ തുന്നിപിടിപ്പിച്ചിട്ടുണ്ടു്. തോല് തേഞ്ഞു് കീറിയ ഷൂസ് ചരടുകൊണ്ടും മറ്റും കാലിൽ കെട്ടിവച്ചിരിക്കുന്നു. കൈകാലുകളുടെ സന്ധികളിൽ നീരുകൊകൊണ്ടു് വികൃതമാണു്. എഴുന്നുനില്ക്കുന്ന അസ്തിയും ഞരമ്പുകളും പൊതിഞ്ഞു് വിളറിയ തൊലിയുള്ള നീണ്ട കൈകൾ. വിളറിവെളുത്തു് നീരുപിടിച്ച കവിൾ. ശ്വാസോഛ്വാസംചെയ്യുമ്പോൾ പൊങ്ങിയും താണും കാണപ്പെടുന്ന വാരിയെല്ലുകൾനിറഞ്ഞ മാറിടം. വളർന്നു് പൊടിയുള്ള ചെളിയുംപിടിച്ചു് ജടയായ തലമുടി. ആ തലയുടെ ഒരു ഭാഗത്തു് ഒരു മുറിവുണങ്ങിയ പാടു്. ഇങ്ങനെ ഉള്ള ഒരു യാചകൻ ആ ഗേറ്റിൽ നിന്നിരുന്നു. ആരോടെന്നില്ലാതെ അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടു്. ആകാശത്തേക്കു് നോക്കി ചിരിക്കുന്നുണ്ടു്.