താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരാജിതൻ

രമേ! രമേ! അതാവന്നു ആ ധർമ്മക്കാരൻ-- വനിതാഹോസ്റ്റലിന്റെ രണ്ടാമത്തെ നിലയിൽ നിന്നുകൊണ്ടു് ലളിത ഉറക്കെ പറഞ്ഞു ചിരിച്ചു. പിന്നെ! കാരുണ്യമുള്ള ഹൃദയംവേണം! പ്രണയലേഖനവും തലയ്ക്കുവെച്ചു് ഉറങ്ങുന്നവർക്കു അതു കാണുകയില്ല-- ലീല പറഞ്ഞു. ചുമ്മാതിരിക്കു് ലീലെ! അനാവശ്യം പറഞ്ഞാൽ ....-- ലളിത പ്രണയകലഹം പറയുന്നതുപോലെ പറഞ്ഞു. മദാലസമാരുടെ ചിരിയും തകർപ്പും കേട്ട് മുറിയിൽ നിന്നും രമ വെളിയിൽ വന്നു. അവൾ ഗേറ്റിലേക്കു നോക്കി. അതു കണ്ടുകൊണ്ടു് ലളിത പറഞ്ഞു-- ഉണ്ടു്! അവിടെ വന്നുനില്ക്കുന്നുണ്ടു്. ചെല്ലണം ധർമ്മവുമെടുത്തുകൊണ്ടു്! രമയുടെ മുഖം ചുവന്നു. അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഈ രഹസ്യം ഒരിക്കൽ പുറത്താകും കേട്ടോ? ലളിത തുടർന്നു പറഞ്ഞു. വല്ല പ്രണയമേ... ഛേ! അനാവശ്യം പറയുന്നോ?-- രമ ദേഷ്യത്തോടെ പറഞ്ഞു. അവൾ അവിടെനിന്നും പോയി. ആ പാവത്തിനെ നിങ്ങൾ വല്ലാതെ കളിയാക്കുന്നു. ലളിതേ! കുറച്ചു കടന്നുപോകുന്നു കേട്ടോ! ഒരു പാവത്തിനു് ധർമ്മംകൊടുക്കുന്നതിനു് ഇത്രമാത്രം എന്തു് പറയാനിരിക്കുന്നു.-- ആനന്ദം ഉപദേശരൂപത്തിൽ അവിടെ കൂടിനിന്നിരുന്ന മദാലസമാരോടു് പറഞ്ഞു.