അരമണിക്കൂർ
ആളുകളുടെ പുകഴ്ത്തൽ അങ്ങിനെയെങ്കിലും ഒന്നനുഭവിച്ചു. ആ മനുഷ്യന്റെ സ്തുതികേട്ടില്ലെ. അരമണിക്കൂർ കപടത കാണിച്ചാണെങ്കിലും അതുകേട്ടിട്ടു് എന്തൊരാനന്ദം. അപ്പോൾ ഇതെന്നും അനുഭവിക്കുന്ന ആ ഗ്രന്ഥകാരനോ? എന്തു ചെയ്യാം ഞാൻ ഇങ്ങനെ കണക്കുകൂട്ടണമെന്നാണു് എന്റെ തലേലെഴുത്തു്. അല്ലായിരുന്നെങ്കിൽ ഒരു വലിയ സാഹിത്യകാരൻ ആകുമായിരുന്നു. കൃഷ്ണൻ നായർക്കു് അയാളുടെ ഉദ്യോഗത്തെപ്പറ്റി ക്രമത്തിലധികം വെറുപ്പുതോന്നി. നാളെ, മറ്റേന്നാൾ, അങ്ങിനെ എല്ലാദിവസവും അയാൾ അതുചെയ്തേ സാധിക്കു. അയാൾക്കു വളരെ നിരാശ തോന്നി.
കൃഷ്ണൻനായരുടെ വീട്ടിലേക്കു പോകുന്നവഴിക്കു് ഒരു ക്ഷേത്രമുണ്ടു്, സായാഹ്നസവാരി കഴിഞ്ഞു് തിരിച്ചുപോകുമ്പോൾ അയാൾ സാധാരണ അവിടെക്കയറി ജീവിതവിഷമങ്ങൾ അറിയിക്കാറുണ്ടു്. ഇന്നും അയാൾ അവിടെ കയറി കൂപ്പുകയ്യോടെ മന്ത്രിച്ചു. ഭഗവാനെ! ഞാനിന്നു ചെയ്ത അപരാധം ക്ഷമിക്കണേ! അരമണിക്കൂറെങ്കിലും ഒരാളുടെ ആരാധനാപാത്രമാകുന്നതിലുള്ള ആശകൊണ്ടു് ചെയ്തുപോയതാണെ! ദേവാ! സ്വാമീ! എന്റെ അപരാധം ക്ഷമിക്കണെ!
പുരോഹിതൻ കൊടുത്ത പ്രസാദവും വാങ്ങി കൃഷ്ണൻനായർ ക്ഷേത്രത്തിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു.