അരമണിക്കൂർ
വാട്ടർവർക്സ് ഗാർഡൻസിലെ ഒരു ബഞ്ചിൽ കൃഷ്ണൻനായർ ചെന്നിരുന്നു. ആ ബഞ്ചിൽ യുവത്വം കഴിയാറായ ഒരാൾ ഇരുന്നു് ഏതോ ഒരു പുസ്തകം വായിക്കുന്നുണ്ടു്. കൃഷ്ണൻനായർ ബഞ്ചിൽ വന്നിരുന്നതൊന്നും ആ മാന്യൻ അറിഞ്ഞില്ല. അത്രഗാഢമായി പുസ്തകം വായിക്കുകയാണു്. പുസ്തകത്തിൽ താളുകൾ ഒന്നിനുപുറകെ ഒന്നായി മറിഞ്ഞുകൊണ്ടിരിക്കുന്നു. കൃഷ്ണൻനായർ ആഫീസിൽനിന്നിറങ്ങി അരക്കപ്പു കാപ്പി കുടിച്ചതിനുശേഷം ഒന്നു നടക്കാനിറങ്ങിയതാണു്. ആരേക്കണ്ടാലും ആഫീസുജോലിയുടെ വിഷമതകൾ അയാൾ സാധാരണപറയും. അതുപറയുന്നതിൽ അയാൾക്കു് മുഷിവില്ലെങ്കിലും അതു് കേൾക്കുന്നതു് പലർക്കും മുഷിവാണു്. കൃഷ്ണൻനായരെക്കാണുമ്പോൾ പലരും ഇന്നു് ഒഴിഞ്ഞുമാറിക്കളയും. കൃഷ്ണൻനായർക്കു് അസൂയതോന്നി. അയാൾ ചെന്ന ശേഷം ആ മനുഷ്യൻ എത്രപേജുകൾ മറിച്ചു. ഇത്ര രസിക്കുവാനെന്താണു് ഒരു പുസ്തകത്തിൽ! ഇത്ര വിശേഷപ്പെട്ട ഗ്രന്ഥകാരനാരാണു് ഇന്നു്. ഇങ്ങനെ പലതും അയാൾ ചിന്തിച്ചു. കാളേജിൽ പഠിക്കുമ്പോൾ സാഹിത്യത്തിൽ അയാൾക്കു് നല്ല വാസനയുണ്ടായിരുന്നു. അന്നു് രസത്തിനു വേണ്ടി ചില ചെറുകഥകളും അസാരം കവിതയും അയാൾ എഴുതിയിട്ടുണ്ടു്. അതിനു കുറച്ചുപേർ അയാളെ പുകഴ്ത്തുകയും അധികംപേർ കളിയാക്കുകയും ചെയ്തിട്ടുണ്ടു്.