താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

രാൻ ആ കാഴ്ചകണ്ടു. വേലക്കാരനെ അയച്ചു് മാതേവ നെ വിളിച്ചുവരുത്തി. മാതേവൻ ഓടിയെത്തി. കൂടുതുറന്നു് അതിനെ വെളിയിലെടുത്തു്. അവന്റെ കണ്ണുനിറഞ്ഞു. മൈനാ! എന്റെ മൈനാ...! അവൻ വികാരാവേശത്തോടെ അതിനെ വിളിച്ചു. എടാ മാതേവാ! അതു് ഇവിടെകിടന്നു ചാകാതെ അങ്ങുകൊണ്ടുപോ!-- തമ്പുരാന്റെ ആജ്ഞയായി. മാതേവൻ നിറഞ്ഞ കണ്ണുകളുയർത്തി തമ്പുരാനെ ഒന്നുനോക്കി. അവനു് എന്തൊക്കെയോ പറയണമെന്നു തോന്നി. ഒരു ചിറകടി ഒരു പിടച്ചിൽ ഒരു കരച്ചിൽ-- ആ പക്ഷി മാതേവന്റെ മാറിൽ ഇരുന്നു് മരിച്ചു. അവൻ തമ്പുരാൻ നില്ക്കുന്നതോർമ്മിക്കാതെ വാവിട്ടു നിലവിളിച്ചു. എടാ! അതിനെ അങ്ങുകൊണ്ടുപോകാനല്ലേപറഞ്ഞതു്. ഉം..! തമ്പുരാനു് ദേഷ്യം വന്നു മരിച്ചമൈനായെ മാറിൽചേർത്തുപിടീച്ചു, കണ്ണുനീരൊലിപ്പിച്ചു് വിങ്ങി വിങ്ങി വീർപ്പുമുട്ടിക്കൊണ്ടു് മാതേവൻ നടന്നു. അവന്റെ ഹൃദയത്തുടിപ്പുകേൾക്കുവാൻ മരിച്ച മൈനായിക്കോ തടിച്ച തമ്പുരാനോ സധിച്ചില്ല.