താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിവർത്തനം

അത്യധികമാനന്ദം അവ ഉണ്ടാക്കി. പൈതലിനെ പടിക്കൽ കണ്ടില്ലെങ്കിൽ പടികടന്നു് രവി അവളെ അന്വേഷിക്കും. ലീലയെ അയാൾക്കു വലിയ സ്നേഹമാണു്. പൈതലിനെ ഓമനിക്കുന്ന ആ യുവാവു് അവിടെ വരുന്നതു് വിലാസിനി തടഞ്ഞുമില്ല. അങ്ങിനെ അയാളുടെ അവിടത്തെ പരിചയം വളർന്നു. മാസങ്ങൾ പലതും നീങ്ങി നീങ്ങി മാറി. എല്ലാക്കൊല്ലങ്ങളേയുമപേക്ഷിച്ചു് ആ കൊല്ലം മഞ്ഞു് ക്രമാതീതമായിരുന്നു. നാടൊട്ടുക്കു് പനിയും പല രോഗങ്ങളുമായി. ലീലക്കും പനിപിടിച്ചു. വിലാസിനിക്കു വിഷമമായി. അവൾക്കാരുമാരും താങ്ങില്ല. എന്നും വൈകിട്ടു് രവി അവിടെ വരാറുണ്ടു്. രോഗശയ്യയിലിരുന്നു് ലീലയെ ശിശ്രൂഷിക്കാറുണ്ടു്. പലതുംപറഞ്ഞു് പുഞ്ചിരിപ്പിക്കാറുണ്ടു്. മരുന്നുംമറ്റും വാങ്ങിക്കൊടുക്കുന്നതു് അയാളാണു്. ഒരു സായാഹ്നത്തിൽ ലീലയുടെ പനി ക്രമത്തിലധികം വർദ്ധിച്ചു. രവി അവിടെചെല്ലുമ്പോൾ അവൾ പ്രജ്ഞയറ്റു കിടക്കുകയാണു്. വിലാസിനി ആ ശയ്യക്കുസമീപമിരുന്നു വിങ്ങി വിങ്ങി കണ്ണുനീരൊഴുക്കുകയാണു്. ആ കാഴ്ച രവിയുടെ ഹൃദയത്തെ സ്പർശിച്ചു. കുട്ടിയെനോക്കിയിട്ടു് അയാൾ വേഗം വെളിയിലിറങ്ങി. ആരുമാരും ഒന്നുമുരിയാടിയില്ല. ഡാക്ടരുമൊത്തു് രവി മുറിയിൽ പ്രവേശിക്കുന്നതാണു് വിലാസിനി കണ്ണുനീരിൽകൂടി പിന്നിടുകണ്ടതു്. രോഗിക്കു മരുന്നുകൊടുത്തു. അഞ്ചാറുനിമിഷങ്ങൾക്കുള്ളിൽ ലീലയുണർന്നു വീണ്ടും അവൾ ഉറങ്ങി. ഇനിയും ഭയപ്പെടാനൊന്നുമില്ല-- ഡാക്ടർ പറഞ്ഞുകൊണ്ടു് മുറിവിട്ടു പുറത്തിറങ്ങി. രവിയുമായി കുറെനേരം സംസാരിച്ചിട്ടു് ഡാക്ടർപോയി, കണ്ണുനീർതുടച്ചു്. കുഞ്ഞിനെ തലോടിക്കൊണ്ടും പുതപ്പും മറ്റും ശരിക്കിട്ടുകൊണ്ടും