ആത്മമിത്രം
കിഴക്കൻകുന്നുകൾക്കപ്പുറത്തു് ആകാശം തെല്ലൊന്നു തെളിഞ്ഞിരിക്കുന്നു. അങ്ങിങ്ങായി ആകാശത്തൊതുങ്ങി ക്കൂടിയിരിക്കുന്ന മേഘശകലങ്ങൾ ചെഞ്ചായമണിയുന്നതേയുള്ളൂ. വൃക്ഷദലങ്ങളിൽനിന്നു് മഞ്ഞുതുള്ളികൾ പൊഴിയുന്നുണ്ടു്. കാട്ടുപൂക്കൾ ഇതളുവിടർത്തി പ്രഭാതാഗമം ഒളിഞ്ഞുനോക്കിത്തുടങ്ങിയിരിക്കുന്നു. നിശ്ചലമായി നിശ്ശബ്ദമായി എന്തോ പ്രതീക്ഷിച്ചു് പ്രകൃതി അക്ഷമയോടെ നിലകൊള്ളുന്നു. ഇതൊന്നുമറിയാതെ കമലം അതിവേഗം നടക്കുകയാണു്. അവൾ ചന്തസ്ഥലത്തെത്തി. ആളുകളാരും ഉണർന്നിട്ടില്ല. കടകളൊന്നും തുറന്നിട്ടില്ല. ഓരോതെരുവിലും അവളലഞ്ഞു നടന്നു. ഒരു കട തുറന്നിരിക്കുന്നു. അവൾ അവിടേയ്ക്കതിവേഗം പാഞ്ഞു. അവിടെയുണ്ടായിരുന്ന കളിപ്പാട്ടങ്ങളെല്ലാം അവൾ വാങ്ങി. ഒന്നിച്ചൊരു കെട്ടാക്കി നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ടു് അവൾ തിരിഞ്ഞു. ഒന്നുരണ്ടടി നടന്നു. അവിടെ നില്ക്കു്! ഒരാജ്ഞ അവളെ സ്തംഭിപ്പിച്ചു. ഇവിടെങ്ങും കണ്ടുപോകരുതെന്നല്ലായിരുന്നോ ആജ്ഞ-- അതൊരു പോലീസുകാരന്റെ ശബ്ദമായിരുന്നു. അവൾ ആ ഭീമാകായനെ അടിമുടി ഒന്നു നോക്കി. അവൾ വിശദീകരിക്കുവാനുണ്ടു്. പക്ഷേ അവളുടെ വികാരങ്ങൾ പ്രകാശിപ്പിക്കാൻ വാക്കുകിട്ടിയില്ല. ഉം! അവളുടെ കയ്ക്കുപിടിച്ചുവലിച്ചുകൊണ്ടു് പോലീസുകാരൻ അടുത്തുകിടന്നിരുന്ന വണ്ടി ചൂണ്ടി