മാതൃഹൃദയം
വൊഴുകുന്ന മധുരോക്തികൾ; അന്നു് അവർ കണ്ടിരുന്ന പൊൻകിനാവുകൾ; ഒരു സമാഗമത്തിൽ അവൾ കാമുകനെ അറിയിച്ച ആ രഹസ്യം; അയാളുടെ ഞെട്ടൽ; അവരുടെ ഭിന്നിപ്പു്; സമുദായം അവളുടെ ജീവിതത്തെപ്പറ്റി ചെയ്ത വിധി; ഒരു ഉഷപ്പിനു് അവൾ സഹിച്ച വേദന ഒരു പിഞ്ചുപൈതലിന്റെ കരച്ചിൽ; അതിന്റെ മരണം; കൊലപാതകിയായി അവൾ വിലങ്ങണിഞ്ഞ രംഗം; കച്ചേരിയിൽ അവൾചെയ്ത പ്രസ്താവന:-- ഞാൻ ഒരേ ഒരു പുരുഷനെ സ്നേഹിച്ചു. അയാളാണാശിശുവിന്റെ കാരണഭൂതൻ. അതു തലയുയർത്തി സമ്മതിക്കുവാൻ അയാൾക്കു ധൈര്യ്യമില്ലെങ്കിൽ അതു നശിക്കുന്നതു് അയാൾ കാണണം. അതിലെങ്കിലും അയാളുടെ ഹൃദയമലിയുമോയെന്നറിയണം. നിഷ്കളങ്കയായ എന്നെ വഞ്ചിച്ച ആ പുരുഷനോടുള്ള എന്റെ പ്രതികാരമാണതു്. ആറുകൊല്ലം ഇരുമ്പഴികൾക്കുള്ളിൽ കിടന്നനുഭവിച്ച യാതന; അങ്ങിനെ ഓരോ ചിത്രങ്ങൾ അവളുടെ ഹൃദയചക്ഷുസ്സിനുമുമ്പിൽകൂടി ചലനചിത്രരംഗങ്ങൾപോലെ തെളിഞ്ഞു മങ്ങി. ഏങ്ങലടിച്ചവൾ കരഞ്ഞു. അവളുടെ നെടുവീർപ്പുകൾ പുറത്തുകേൾക്കാതിരിക്കാൻ കമഴ്ന്നുകിടന്നു് കയ്യിൽ മുഖം ചേർത്തു് അവൾ വിങ്ങിവിങ്ങിക്കരഞ്ഞു. അവളുടെ ഹൃദയത്തിന്റെ അസ്വസ്ഥത അനുനിമിഷം വർദ്ധിച്ചു. വെളുത്തപക്ഷത്തെ ചന്ദ്രന്റെ നേർക്കു കടൽത്തിര അടിച്ചുപൊങ്ങുന്നതുപോലെ ഗ്രാമീണശിശുവിന്റെ സംഭാഷണം അവളുടെ ഹൃദയത്തിൽ കോളിളക്കമുണ്ടാക്കി. ആ മൺകുടിൽ നിദ്രയിൽ ലയിച്ചിരിക്കുകയാണു്. കമലം കതകുതുറന്നു് വെളിയിലിറങ്ങി.