താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

അത്യന്തം വേഗം ഇടിക്കുന്ന ഹൃദയത്തുടിപ്പുകൾ എനിക്കു ശല്യമായി തോന്നി. ഞാൻ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു. എന്തോ ചിലതൊക്കെ അവൾ നോക്കി. ഒന്നു നിശ്വസിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. നിഷ്പ്രഭമായ സ്ഥലത്തേക്കു് ചെറുവിടവിൽകൂടി നോക്കിനോക്കി എന്റെ കണ്ണു വല്ലാതെ വേദനിച്ചുതുടങ്ങി. അല്പം ആശ്വാസത്തിനായി നിവർന്നുനിന്നു് കിഴക്കൻപ്രദേശങ്ങളിലേക്കു് കണ്ണോടിച്ചു. അങ്ങിങ്ങായി ശുഭ്രമേഘങ്ങൾ നീലിമനിറഞ്ഞ ആകാശത്തു് ചിതറിക്കിടക്കുന്നു. ഇരുണ്ട കുന്നുകൾക്കപ്പുറത്തു് ചന്ദ്രബിംബം ഉയർന്നുവരുന്നു. അങ്ങു് ആ മാവിൻ ശിഖരത്തിലിരുന്നുകൊണ്ടു് ഒരു വാനമ്പാടി ശ്രുതിമീട്ടിത്തുടങ്ങി. പ്രകൃതിയുടെ ശാന്തിയും പ്രസന്നതയുമോർത്തു് ഞാൻ തെല്ലൊന്നു നിന്നു പോയി. ഞാൻ തിരിച്ചു ഗേറ്റിലേക്കു നടന്നു. കതകിൽ ചില ശബ്ദങ്ങളുണ്ടാക്കിത്തിരിച്ചുവന്നു് ഒന്നു ചുമച്ചു് എന്റെ മുറിയിൽ പ്രവേശിച്ചു. ദീപം കുറച്ചുവച്ചിരുന്ന വിളക്കിന്റെ തിരിയുയർത്തി. അന്നാദ്യമായി രോഹിണിയോടു സംസാരിക്കണമെന്നു് ഞാൻ തീർച്ചയാക്കി. കസേരയിലേക്കു ചാഞ്ഞു് അന്നത്തെ വർത്തമാനപ്പത്രമെടുത്തു നിവർത്തു വായിക്കുവാൻ ശ്രമിച്ചു. രോഹിണി കതകുതുറന്നു് വെളിയിൽ വന്നു; സിനിമാ കഴിഞ്ഞു് എല്ലാവരും വന്നിരിക്കുമെന്നു വിചാരിച്ചായിരിക്കും. എന്നാൽ ആരെയും കാണാത്തതിനാലും എന്റെ മുറിയിൽ വെളിച്ചമുണ്ടായിരുന്നതിനാലും അവൾ മുറിക്കു