തലേലെഴുത്തു്
കിളവന്റെ പണത്തിൽ ഇനി നാലുകാശുബാക്കിയില്ല. അയാളൊന്നു ചിരിച്ചു, ആശ്വാസത്തിന്റെ ഒരു ചിരി. ഇപ്പോഴും വയസ്സനെന്നെ വല്യ വിശ്വാസമാ. മാസംതോറും പത്തുമമ്പതും കൊണ്ടത്തരും. ചിലപ്പോഴൊക്കെ അയാളു പറയും തെണ്ടിതരുന്ന പണമാണെ സൂക്ഷിച്ചോണ്ണെ എന്നു. ഞാൻ തലകുലുക്കി സമ്മതിക്കും. ഒരു ബീടികൊടുത്തു് അയാളെ പറഞ്ഞയയ്ക്കും. കേട്ടോ സാറെ! ഇതനുഭവിക്കുവാനവനു് തലേലെഴുതീട്ടില്ല. ഒരിരമ്പൽ കേട്ടു. ബസ്സുവരുന്നു. ജംഗ്ഷനിൽ അതു നിറുത്തി. യാത്രക്കാരുടെ സൗകര്യ്യത്തെ ഉദ്ദേശിച്ചു സ്പെഷ്യലായി വന്ന ഒരു വണ്ടിയാണതു്. ഞാനകത്തു കയറിയിരുന്നു. ഒരു മൂളൽ. ഒരായൽ. ബസ്സു നീങ്ങി. കഥ പറഞ്ഞ കടക്കാരനോടു ആഗ്യംകൊണ്ടു യാത്രപറഞ്ഞു ഞാൻ യാത്രതുടങ്ങി. അടുത്ത ഓണം അവധിയ്ക്കു വീട്ടിലേക്കു പോകുവാനാണു് ഞാനതുവഴി പോയത്. അവിടിറങ്ങി മറ്റൊരു ബസ്സിൽ വേണം നാട്ടിലേക്കു പോകുവാൻ. ഒരു നെടുങ്കൻ കട അവിടെ പുതിയതായിട്ടുണ്ടു്. നല്ല ഒരു കടയാണതു്. ബസ്സ് പുറപ്പെടാൻ അരമണിക്കൂറോളമുണ്ടു്. അതുകൊണ്ടു ഞാൻ ആ പുതിയ കടയിലേയ്ക്കു കയറി. കച്ചവടക്കാരനു് എന്നെമനസ്സിലായി. ഒരു കസേര ചൂണ്ടിക്കാണിച്ചു് ഇരിക്കുവാൻ പറഞ്ഞു. ഞാനയാളെ ഒന്നു സുക്ഷിച്ചുനോക്കി. ആളൊന്നു വെളുത്തുകൊഴുത്തിട്ടുണ്ടു്. കുടവയറിന്റെ ലക്ഷണവും ഇല്ലാതില്ല. അയാൾ ഒരു സിഗററ്റെടുത്തു എനിക്കു നീട്ടി. സിഗററ്റുപയോഗിക്കയില്ലെന്നുപറഞ്ഞു ഞാൻ അതു സ്വീകരിച്ചില്ല.