തലേലെഴുത്തു്
അതന്നുമതിയെല്ലോ! അതൊന്നും സാരമില്ല. രണ്ടായിരമായേ ചോദിക്കുമെന്നാ ആദ്യം പറഞ്ഞതു്. രണ്ടായിരമായപ്പം മൂവായിരമാകട്ടെന്നു പറഞ്ഞു. മൂവായിരമാക്കാനാ അയാളിപ്പത്തെണ്ടുന്നേ! ഇതൊന്നുമാരുമറിഞ്ഞിട്ടില്ലസാറെ! ങാ ഹാ! പാവം! ഇനിയധികമൊന്നും ജീവിക്കുവേല്ല. ആരുമറിയാത്ത ആ മുതലു പിന്നാർക്കാ?-- അയാൾ ചിരിച്ചു. ആ ചിരിയിൽ പലതും അന്തർഭവിച്ചിട്ടുണ്ടെന്നു എനിക്കു തോന്നി. ഞാൻ വല്ലപ്പോഴും ഒരു ബീഡികൊടുക്കും അയാക്കതുമതി. കിട്ടുന്നതെല്ലാം എണ്ണി എന്നെ ഏല്പിക്കും. രാത്രിയിൽ ഈ കടയുടെ തിണ്ണയ്ക്കാ കിടപ്പു്. ഒരുത്തനെ ഇവിടെങ്ങും അടുപ്പിക്കുവേല്ല. അയാളുടെ പണം ഇതിൽ വച്ചിരിക്കയാണെന്നു ഞാമ്പറഞ്ഞിട്ടുണ്ടു്. അതുകൊണ്ടു പൂതം പൊന്നുകാക്കുന്നപോലെ അയാളവിടെകിടന്നോളും. ശരിയാണു്!-- കഥയറിയാനുള്ള ആഗ്രഹംകൊണ്ടു ഞാൻ അയാളെ പ്രോത്സാഹിപ്പിച്ചു. തടികയറ്റിക്കൊണ്ടു ഒരു കാളവണ്ടി കർണ്ണകഠോരമായ ശബ്ദങ്ങളോടെ അതു വഴി കടന്നുവന്നു. കാളയ്ക്കു സമ്മാനിക്കുന്ന പ്രഹരത്തിന്റെ മാറ്റൊലിയും വണ്ടിക്കാരന്റെ ആക്രോശങ്ങളുംകൊണ്ടു അന്തരീക്ഷം തെല്ലൊന്നു കുടുങ്ങി. ഞാൻ ആ വണ്ടിനോക്കിക്കൊണ്ടിരുന്നു. അതങ്ങനെകടന്നുപോയി. വീണ്ടും ശാന്തത. സാറെ! ഒള്ളതു പറയണമെല്ലോ? ഞാൻ നാലുകാശില്ലാതെ നടന്നുവന്നവനാ! ഇല്ലെകാണുന്ന കാപ്പിക്കടയില്ലെ, അതിന്റെ വരാന്തയുടെ കോണിലാരുന്നു ഞാനാദ്യം