ആത്മമിത്രം അടുത്തെത്തിയാൽ അവരെല്ലാം വഴിമാറിനിയ്ക്കും. അവരുടെ കളികളും കലശലുകളും അദ്ദേഹംകണ്ടാൽ അവർ മര്യ്യാദരാമന്മാരായിത്തീരും. അങ്ങിനെ അവർക്കെല്ലാം അദ്ദേഹത്തെ വലിയ ബഹുമാനമാണ്. സായാഹ്നസവാരിക്കിറങ്ങിയാൽ കുടവയറും കാറുമുള്ള പത്രാധിപന്മാരും, കച്ചത്തോർത്തും കഷണ്ടിയുമുള്ള പണ്ഡിതന്മാരുമായിരിക്കും അദ്ദേഹത്തിനുകൂട്ടു്. കതിരോൻ കടൽവെള്ളത്തിനപ്പുറത്തു മറയുന്നതുവരെ കാന്തിചിന്തുന്ന പശ്ചിമാകാശത്തെനോക്കി കടപ്പുറത്തെ പഞ്ചസാര മണലിലിരുന്നു അദ്ദേഹം ആനന്ദിക്കും. ഇതെല്ലാം അദ്ദേഹത്തിനു് സുഖമാണ്; ആനന്ദമാണു്. അദ്ദേഹം സ്വതന്ത്രനാണു, നിർധനനാണു്. ഒരു ചെറ്റക്കുടിലാണ് അദ്ദേഹത്തെ വെയിലിൽനിന്നും മഴയിൽനിന്നും കാത്തുരക്ഷിക്കുന്നത്. വിശാലമായ ലോകമാണദ്ദേഹത്തിന്റെ തറവാടു്. അദ്ദേഹം കവിതകൾ രചിച്ചു. അവ അതുല്യങ്ങളെന്നു് ലോകർ വിധിയെഴുതി. അവ കനകവും യശസ്സും അദ്ദേഹത്തിനു സമാർജ്ജിച്ചുകൊടുത്തു. അദ്ദേഹത്തിനും ഒരു കാമുകിയുണ്ട്. അവൾ കുറ്റപ്പെടുത്താറുണ്ടു്. അദ്ദേഹം സ്വപ്നത്തിലാണ് ജീവിക്കുന്നതെന്നു്, ജീവിതത്തെ അദ്ദേഹം കണക്കാക്കുന്നില്ലെന്നു് ഭാവനവിട്ടു് ഭൂലോകത്തിൽ ജീവിക്കുവാൻ അവൾ കഥയറിയാതെ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നാൽ അതൊന്നും അവിടെ ഫലിച്ചില്ല.
താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/23
ദൃശ്യരൂപം