താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം അക്ഷരങ്ങൾ പഠിക്കാൻ ആശാന്റെ കളരിയിൽ അവർ രണ്ടുമൊന്നിച്ചുചേർന്നു. അന്നുമുതൽ അവർ ചങ്ങാതികളായി. ഒന്നിച്ച് അവർ കളരിയിൽ പോയി. ഒന്നിച്ചു ഒരേഗുരുവിന്റെ നാവിൽനിന്നും അവർ വിദ്യാഭ്യാസം തുടങ്ങി. അവർ വളർന്നു. ഓരോ കൊല്ലവും അവരെ ഓരോ ക്ലാസ്സുകളിലേക്കുയർത്തി. അവർ സ്ക്കൂൾഫൈനൽ ക്ലാസ് പാസ്സായി. അടുത്ത കൊല്ലം അവർ കാളേജിൽ ചേർന്നു. വിദേശത്തു വിദ്യാഭ്യാസാർത്ഥ അവർ ഒന്നിച്ചു പോയി പ്രായം കൂടുംതോറും അവരുടെ സ്നേഹം വളർന്നു. അവരുടെ ചിന്താഗതിയിൽ ചില വ്യത്യാസങ്ങളുണ്ട്. രവി പാഠപുസ്തകങ്ങൾ മാത്രമേ വായിക്കു. സോമൻ പലവകപുസ്തകങ്ങൾ പാരായണം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ കാണിച്ചു. രവി പഠിക്കുന്നതും ചിലവുചെയ്യുന്ന പണത്തിന്റെ നഷ്ടം ഭയന്നാണു്. സോമൻ പാണ്ഡിത്യത്തിനുവേണ്ടി പഠിച്ചു. അറിവിനുവേണ്ടി അയാൾ ഗ്രന്ഥങ്ങൾ വായിച്ചുതള്ളി. ഇങ്ങനെ ആയിരുന്നു അവരുടെ വീക്ഷണഗതി. രവി! നീയെന്താ ഖദർ ധരിക്കാത്തതു്? സോമൻ ഒരുദിവസം രവിയോടു ചോദിച്ചു. അതിനു നിവർത്തി ഇല്ലാഞ്ഞിട്ടു് രവി മറുപടിപറഞ്ഞു. നിവർത്തിയില്ലാഞ്ഞിട്ടോ? പണക്കാർക്കേ ഇന്നു ഖദർ ധരിക്കുവാൻ സാധിക്കു അതിന്റെ വില അത്ര കൂടുതലാണ്.