വായു.
യുടെ രസികത്വത്തിനു് ലക്ഷ്യങ്ങളത്രേ. ഇദ്ദേഹത്തിന്റെ കൃതികൾ വായിച്ചു രസിക്കാതെ മലയാളനാട്ടിൽ ഒരുവനും വിദ്വാൻ എന്നോ മലയാളി എന്നോ ഉള്ള പേരിനു് അർഹനാകുന്നതല്ല. ഇദ്ദേഹം ചിരിപ്പിച്ചു ദീർഘായുസ്സുകളാക്കീട്ടുള്ളവരും ഇനിയിം ആക്കുന്നവരും ആയ ജനങ്ങളുടെ സംഖ്യ നിർണ്ണയിക്കാൻ പാടുള്ളതല്ല. മലയാളഭാഷ നിലനിൽക്കുന്നിടത്തോളം കാലം കുഞ്ചൻനമ്പ്യാരുടെ യശസ്സും നിലനിൽക്കുന്നതാണ്.
————————————————
പാഠം ൧ઊ.
വായു.
നമുക്കു് ജീവിച്ചിരിക്കാൻ വായു, വെള്ളം, ഭക്ഷണം ഇവ മൂന്നും വേണം. ഭക്ഷണമില്ലതെ കുറേക്കാലം ഇരിക്കാം. വെള്ളം കുടിക്കാതേയും എതാനും ദിവസങ്ങൾ കഴിച്ചുകൂട്ടാം. വായു ശ്വസിക്കാതെ അഞ്ചാറു നിമിഷംപോലും ജീവിച്ചിരിക്കാൻ സാധിക്കയില്ല. ഇത്ര അത്യാവശ്യമായ വായുവിനെ ശുദ്ധമായി ഉപയോഗിക്കാത്തപക്ഷം ദീനം പിടിക്കുന്നതിനും ചിലപ്പോൾ മരണം കൂടി സംഭവിക്കുന്നതിനും ഇടയാകുന്നതാണ്.
ഈ വായു എന്നു് പറയുന്നതു് എന്താണു്? ഇതു നമുക്കു കാണ്മാൻ കഴിയുന്നതല്ല. പക്ഷെ അതു് ഇളകിക്കൊണ്ടിരിക്കുമ്പോൾ നമുക്കു് അതിനെ സ്പർശിക്കാം. ഊക്കോടുകൂടി വൃക്ഷങ്ങളേയും വീടുകളേയും വീഴ്ത്തുന്ന കാറ്റു നമുക്കു ദൃശ്യമല്ല. എന്നാൽ അതു ദേഹത്തിൽ തട്ടുന്നു എന്നു നമുക്കു് അനുഭവമുണ്ടു്. ഭൂമിയിൽ എല്ലായിടത്തും അതു വ്യാപിച്ചിരിക്കുന്നു. ഈ വ്യാപ്തി നൂറു മൈൽ പൊക്കംവരെ ഉണ്ടു്. പക്ഷെ മേൽപ്പോട്ടു പോകുംതോറും വായു നേർത്തുവരും.