Jump to content

താൾ:13E3287.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറ്റു പല സ്തോത്രങ്ങളുംപോലെ അകാരാദിക്രമത്തിലാണ് ഈ
അഞ്ചടിയിലെ ഓരോ ഖണ്ഡവും തുടങ്ങുന്നത്. ഖണ്ഡവിഭജനത്തിനുള്ള
ഏകകം ഈരടിയാണെന്നത് മറ്റ് അഞ്ചടികളിൽനിന്നുള്ള പ്രകടമായ ഒരു
വ്യത്യസ്തതയാണ്. പക്ഷേ, ഈ കൃതിക്ക് അഞ്ചടിയെന്ന പേർ ഇപ്പോൾ
ഉപയോഗിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഉള്ളൂർ ചെറുകുന്നിലമ്മസ്തുതി
യെന്നാണ് ഇതിനു പേർ നല്കുന്നത്. ചെറുകുന്നിലമ്മയുടെ വിവിധ ഭാവങ്ങൾ
വ്യക്തമാക്കുന്ന ലളിതമായ ഒരു സ്തോത്രമാണിത്.

ചെറുകുന്നുക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു അനുഷ്ഠാനമാണ്
തെയ്യമ്പാടിപ്പാട്ട്, 'ദൈവംപാടി'യാണ് തെയ്യമ്പാടി. ഈ ഗായകർ പാടുന്ന
'ചെറുകുന്നത്തമ്മയുടെ അന്നപൂർണനാടകം' പാട്ടിനെക്കുറിച്ച് ചിറയ്ക്കൽ ബാലകൃഷ്ണൻ നായർ പറയുന്നുണ്ട്.

“ചേതോഭവരിപുദയിതേ ജയജയ
നാഥേ ജയജയ നാരായണി ജയജയ
ചെറുകുന്നമരും ഗിരിതന്യേ ജയജയ
പരമേശ്വരി ജയ പരിപാലയമാം." (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ,
പു.75) എന്നു തുടങ്ങുന്ന ആ പാട്ടിന് ചെറുകുന്നഞ്ചടിയോട് താളപരവും
ഭാഷാപരവുമായ സാദൃശ്യമുണ്ട്. ചെറുകുന്നഞ്ചടിയും തെയ്യമ്പാടികൾ
പാടിയിരുന്നതായിരിക്കാം.

അഞ്ചടിയെന്ന പേര്

അഞ്ചടിയെന്നോ അയ്യടിയെന്നോ ഉള്ള പൊതുപ്പേരിലറിയുന്ന കൃതി
കളുടെ വൈവിധ്യവും വൈചിത്ര്യവുംമൂലം ബഹുവിധമായ നിർവചനങ്ങൾ
ആ പേരുമായി ബന്ധിച്ച് ഉണ്ടായിട്ടുണ്ട്. 'അഞ്ച്+അടി' എന്നു പിരിച്ചെ
ഴുതുമ്പോൾ ലഭിക്കുന്ന അർത്ഥ (അഞ്ചു പാദങ്ങളോടു കൂടിയത്)വുമായി
ഇവിടെ ചേർത്തിരിക്കുന്ന അഞ്ചടികൾക്ക് ബന്ധമില്ല. "അഞ്ചു പാദങ്ങളോടു കൂടിയ ഗാനങ്ങളെ അയ്യടിയെന്നും അതിൽ കൂടുതലുള്ളവയെ കഴിനെടിലടി
യെന്നും വിളിച്ചുവരുന്നു' (കേരളഭാഷാസാഹിത്യചരിത്രം ഒന്നാംഭാഗം, പു.198)
എന്നു നിർവചിച്ചശേഷം ആർ.നാരായണപ്പണിക്കർ രണ്ടുദാഹരണങ്ങൾ
നല്കുന്നു. അതിലൊന്ന്, കണ്ണിപ്പറമ്പഞ്ചടിയിലെ അഞ്ചു വരികളാണ് പൂർണ
മായ കണ്ണിപ്പറമ്പഞ്ചടിയെ ഇതുപോലെ അഞ്ചുവരികളാക്കിപ്പിരിക്കുക
സാധ്യമല്ല. മാത്രമല്ല, അഞ്ചടിയെന്ന പേരിൽ പ്രചരിച്ചിട്ടുള്ള കൃതികളിലേറെ
യും ഈ നിർവചനത്തിനിണങ്ങുന്നതുമല്ല.

"തമിഴിൽ കുറൾ, ചിന്ത, അളവ്, നെടിൽ, കുഴിനെടിൽ എന്നിങ്ങനെ
അഞ്ചുമാതിരി അടികളുണ്ട്. ആ അടികളിൽ ഏതെങ്കിലും ഒന്നനുസരിച്ചു
പാട്ടെഴുതിയാൽ അതിന് അഞ്ചടി എന്നു പറഞ്ഞുവന്നു എന്നൂഹിക്കാം"
(കേ.സാ.ച. മൂന്നാം ഭാഗം, 602) എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം.

അശൈ, ചീർ, തളൈ, അടി, തൊടൈ എന്നിവയാണ് തമിഴ്വൃത്ത
ഘടകങ്ങൾ. അശൈകൾ ചേർന്നു ചീരും ചീരുകളുടെ എണ്ണം കണക്കാക്കി
അടികളും ഉണ്ടാകുന്നു. രണ്ടു ചീരുകളുടെ പാദത്തിന് കുറളടിയെന്നും മൂന്നു
ചീരുകളുള്ളതിന് ചിന്തടിയെന്നും നാലിന് അളവടിയെന്നും അഞ്ചിനു നെടില
ടിയെന്നും അഞ്ചിൽ കൂടുതൽ ചീരുകളുള്ളതിന് കഴിനെടിലടിയെന്നും പേർ.

46

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/48&oldid=201696" എന്ന താളിൽനിന്ന് ശേഖരിച്ചത്