താൾ:13E3287.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഗുണാകരമായ ശിവരൂപത്തിന്റെ വർണനയും മോക്ഷപ്രാർത്ഥ
നയും പ്രധാനപ്രതിപാദ്യമായ ഈ അഞ്ചടിയിൽ ആലങ്കാരികതയേക്കാൾ
ഋജുവായ ആഖ്യാനരീതിക്കാണ് പ്രാധാന്യം.

കാഞ്ഞിരങ്ങാട്ടഞ്ചടി

തളിപ്പറമ്പിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് കാഞ്ഞിര
ങ്ങാട്ടുക്ഷേത്രം. വൈദ്യനാഥനെന്ന നിലയിലുള്ള പരമശിവനാണ് ഇവിടത്തെ
ആരാധനാമൂർത്തി. ശതമൂർത്തിയെന്ന കോലത്തിരിരാജാവ്
സ്ഥാപിച്ചതാണ് ക്ഷേത്രമെന്നു പറയപ്പെടുന്നു (മഹാക്ഷേത്രങ്ങളുടെ മുന്നിൽ, പു. 151).
ഭസ്മാസുരപുത്രനായ കാരസ്ക്കാരാസുരൻ ശിവവിഷ്ണുഭയത്താൽ വന്നു
വസിച്ചു വനമെന്ന നിലയിലും കാഞ്ഞിരമരങ്ങൾ ധാരാളമുള്ള കാടെന്ന
നിലയിലുമാണ് കാഞ്ഞിരങ്ങാടെന്ന സ്ഥലനാമം ലഭിച്ചതെന്ന് ഐതിഹ്യം
(ചിറയ്ക്കൽ ടി.ബാലകൃഷ്ണൻനായരുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ,
പു. 152).

കാഞ്ഞിരങ്ങാട്ടഞ്ചടിയിൽനിന്ന് ഒരീരടിമാത്രമേ പൂർണമായി
ലഭിച്ചിട്ടുള്ളൂ. ബാക്കി ചില വരികളെക്കുറിച്ചുള്ള സൂചനകളുമുണ്ട്. 'കാഞ്ഞിര
ങ്ങാടമ്പും ശങ്കരരെ’ എന്നത് ഓരോ ഖണ്ഡത്തിലുമാവർത്തിക്കുന്ന വരിയാ
ണെന്നു കരുതാമെങ്കിലും പൂർണമായ ഈരടിയും ഈ വരിയും തമ്മിലുള്ള
താളപരമായ വ്യത്യസ്തത ഇവയുടെ പരസ്പരബന്ധനിർണയത്തിനു വിഘാത
മാണ്. ഈ അഞ്ചടി സ്ഥലവാസികൾക്ക് അപരിചിതമാണ്.

ചെറുകുന്നഞ്ചടി

ചെറുകുന്ന് അന്നപൂർണേശ്വരീക്ഷേത്രം തളിപ്പറമ്പിനടുത്താണ്. ഈ
ക്ഷേത്രത്തെക്കുറിച്ച് കേരളമാഹാത്മ്യം, കേരളക്ഷേത്രമാഹാത്മ്യം എന്നീ
കൃതികളിലുള്ള പ്രസ്താവങ്ങൾ ചിറയ്ക്കൽ ടി.ബാലകൃഷ്ണൻനായർ
ഉദ്ധരിക്കുന്നുണ്ട് (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, പു. 62-64), മൂഷികരാജാ
വായ വളഭനാണ് ക്ഷേത്രം നിർമിച്ചതെന്ന് ഈ ഉദ്ധരണങ്ങളിൽ കാണുന്നു.
കേരളമൊട്ടാകെ ചെറുകുന്നിനുള്ള പ്രശസ്തിക്ക് ചെറുകുന്നഞ്ചടിതന്നെ
തെളിവാണ്. ഭാരതവർഷത്തിലെതന്നെ നാലു പ്രധാന അന്നപൂർണേശ്വരീ
ക്ഷേത്രങ്ങളിലൊന്നാണ് ചെറുകുന്നിലേതെന്ന് നാലാങ്കൽ (മഹാക്ഷേത്ര
ങ്ങളുടെ മുന്നിൽ, പു. 120) അഭിപ്രായപ്പെടുന്നു. ഭഗവതിയെ അന്നപൂർണേശ്വരി
യായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ അന്നദാനം സുപ്രസിദ്ധമാണ്.

"അമ്മയുടെ അത്യാനന്ദകരമായ പ്രവൃത്തി കുട്ടികൾക്കു ചോറു
കൊടുക്കുന്നതാകയാൽ ലോകമാതാവിനെ അന്നദാനനിരതയായി
സങ്കല്പിച്ചിട്ടുള്ളതു സുന്ദരതരവും ആഹ്ലാദകരവും ആയിരിക്കുന്നു"
(തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, പു. 75).

കേരളമാകെ ദരിദ്രജനതയുടെ അനുഷ്ഠാനസ്വഭാവമുള്ള പ്രാർത്ഥന
യായി ചെറുകുന്നഞ്ചടി മാറിയതും ഈ പ്രത്യേകതമൂലമാണ്.
സൂര്യോദയത്തിനു മുമ്പുതന്നെ ഈ സ്തുതി ചൊല്ലുന്നവർക്ക് ആഹാരത്തിനു മുട്ടുവരില്ലെന്നാണ് വിശ്വാസം.

45

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/47&oldid=201695" എന്ന താളിൽനിന്ന് ശേഖരിച്ചത്