Jump to content

താൾ:11E607.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നുർ പാട്ട്: ഒറ്റനോട്ടത്തിൽ

പ്രൊഫ. എസ്. ഗുപ്തൻ നായർ

സാഹിത്യചരിത്രത്തിലെ പിടികിട്ടാപ്പുള്ളിയായി ഇത്രനാളും ഒളിവിൽ കഴിഞ്ഞിരുന്ന
പയ്യന്നൂർപ്പാട്ട് ഇതാ നമ്മുടെ കൺമുന്നിൽ വന്നുപെട്ടിരിക്കുന്നു. പ്രൊഫസർ
സ്കറിയാ സക്കറിയാ ഗവേഷണാർത്ഥം ജർമ്മനിയിൽ താമസിച്ചുകൊണ്ട്
ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഈടുവയ്പിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന
ഗുണ്ടർട്ടു ഗ്രന്ഥശേഖരം മുഴുവൻ പട്ടികപ്പെടുത്തുകയും അവശ്യം വേണ്ടവയുടെ
പകർപ്പെടുക്കുകയും ചെയ്തിട്ട് ഏറെ നാളായില്ല. അക്കൂട്ടത്തിൽ പല കൃതികൾ
കോർത്തിട്ടിരുന്ന ഒരു ഗ്രന്ഥക്കെട്ടിൽ പയ്യന്നൂർപ്പാട്ടും ഉണ്ടായിരുന്നു. പക്ഷേ,
ഭാഗ്യദോഷമെന്നു പറയട്ടെ ഇപ്പോഴും അത് അപൂർണ്ണരൂപത്തിലേ ലഭിച്ചിട്ടുള്ളൂ.
ഗുണ്ടർട്ടിന്റെ വിവരണം വച്ചുകൊണ്ട് മഹാകവി ഉള്ളൂർ പയ്യന്നൂർപ്പാട്ടിനെപ്പറ്റി
കേരള സാഹിത്യചരിത്രത്തിന്റെ ഒന്നാം വാള്യത്തിൽ (P342, 343) ഹ്രസ്വമായി
ഉപന്യസിക്കുന്നുണ്ട്. ഉദ്ധരിച്ച 16 വരികളും ഗുണ്ടർട്ട് ഉദ്ധരിച്ചവതന്നെ. പ്രകടമായ
തെററുകൾ തിരുത്തിയിട്ടുണ്ട്. ഹ്രസ്വമായ ഒകാരം ദീർഘമാക്കുകയും ചെയ്തു.
മഹാകവി ആ ഭാഗം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്. "കേരളീയ
വാണിജ്യത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു തരുവാൻ പര്യാപ്തമായ
പ്രസ്തുത ഗ്രന്ഥം നഷ്ടപ്രായമായിത്തീർന്നിരിക്കുന്നത് ഏറ്റവും
ശോചനീയമാകുന്നു."

അപ്പോൾ അതു തിരിച്ചുകിട്ടി എന്നത് എത്രയും സന്തോഷപ്രദമായ ഒരു
വാർത്തയാണല്ലോ. ഉള്ളൂർ പറഞ്ഞതിലെ ഒരു തെറ്റ് ആദ്യംതന്നെ തിരുത്തട്ടെ.
“ഗുണ്ടർട്ടിനുതന്നെയും ആദ്യത്തെ 104 ഈരടികളേ ലഭിച്ചിരുന്നുള്ളു" എന്നതു
ശരിയല്ല. ഇപ്പോൾ ലഭിച്ചിട്ടുള്ളത് 419 ഈരടികളാണ്. (ഈ പതിപ്പിൽ ഏതാനും
വരികൾ ആവർത്തിച്ചിരിക്കുന്നു.)

പേര്: ആദ്യമായി പേരിനെപ്പറ്റി അന്വേഷിക്കാം. പഴയെന്നുർ, പഴേന്നൂർ
എന്നൊക്കെയല്ലാതെ 'പയ്യന്നൂർ' എന്ന ശബ്ദം ഈ പാട്ടിലെങ്ങും പ്രയോഗിച്ചിട്ടില്ല.
ഇന്നത്തെ പയ്യന്നൂരിന്റെ പഴയ പേര് പഴയന്നൂർ എന്നായിരുന്നു. (പഴംപൊരുൾ
എന്നതിന് കടവുൾ എന്നർത്ഥം). പയ്യനായ സുബ്രഹ്മണ്യൻ ആ ദേശത്തിന്റെ
സങ്കേതമൂർത്തിയാണെങ്കിലും 'പയ്യന്' പഴയ ദേശപ്പേരിൽ കാര്യമില്ലെന്നർത്ഥം.
ഇന്നത്തെ പയ്യന്നൂർ നിന്നു കിട്ടിയ പാട്ടായതുകൊണ്ട് 'പയ്യന്നൂർപ്പാട്ട്' എന്ന് ഗുണ്ടർട്ട്
പേരിട്ടു എന്നേ ഉള്ളു. കൃതിയുടെ യഥാർത്ഥ നാമം മറ്റെന്തെങ്കിലുമാകാം. ഇതിൽ
പരാമർശിക്കപ്പെടുന്ന മറ്റൊരു പട്ടണം പേരൂരാണ്. തൃശ്ശിവപേരൂർ എന്ന് എങ്ങും
പറയുന്നില്ല. 'പേരൂർ നഗരി' എന്നും 'പേരൂരയ്യൻ--പെരും കോയിലിൽ’ എന്നുമാണ്
പരാമർശം. ഇത് കോയമ്പത്തുരിനടുത്തുള്ള പേരൂരാകരുതോ എന്ന് സംശയിച്ചു
കൂടായ്കയില്ല. അവിടെയും പെരുംകോയിലുണ്ടു. എന്നാൽ തൃശ്ശിവപേരൂരെന്ന

41

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/95&oldid=201159" എന്ന താളിൽനിന്ന് ശേഖരിച്ചത്