താൾ:11E607.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxix

ഇളംകുളവും അവരവരുടെ ഉത്തമബോധ്യമനുസരിച്ചു തിരുത്തലുകൾ
വരുത്തിയാണ് പാട്ടുകൾ ഉദ്ധരിച്ചിരിക്കുന്നതു എന്നു മനസ്സിലായി. ഒറ്റ
നോട്ടത്തിൽതന്നെ തിരുത്തി അർത്ഥവ്യക്തതവരുത്താനും ഭാഷ മെച്ചപ്പെടുത്താനും
പ്രലോഭനം തോന്നുന്ന പല ഭാഗങ്ങളും പാഠത്തിലുണ്ട്. ഇത്തരം തിരുത്തലുകൾ
സംശോധനത്തിന്റെ ഭാഗമല്ലേ? എന്തോ ഞങ്ങൾക്കു അതിനു മനസ്സുവന്നില്ല. വളരെ
പ്രാചീനമായ ഒരു ഗ്രന്ഥം, അതും ഭാഷാസ്വരൂപം കൃത്യമായി നിർണയിച്ചിട്ടില്ലാത്തതു,
പുനഃപ്രസാധനം ചെയ്യുമ്പോൾ കോമാളിരൂപങ്ങൾ എന്നു തോന്നുന്നവ പോലും
നിലനിറുത്തുന്നതാണ് നല്ലതു എന്നു തോന്നി. പാഠപരിഷ്കാരങ്ങൾ ഇനിയും
ആകാമല്ലോ. അങ്ങകലെ ഒരു ഗ്രന്ഥശേഖരത്തിലിരിക്കുന്ന കൈയെഴുത്തു ഗ്രന്ഥം
കഴിയുന്നിടത്തോളം കൃത്യമായി പുനരവതരിപ്പിക്കുകയാണ് ഈ ഘട്ടത്തിലെ ധർമ്മം
എന്ന തീരുമാനത്തിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. ഈ
ഘട്ടത്തിൽ രണ്ടു കാര്യങ്ങൾ ചെയ്തു. അച്ചടിക്കാൻ തയ്യാറാക്കിയ കമ്പ്യൂട്ടർ പകർപ്പ്
വീണ്ടും ട്യൂബിങ്ങനിലെ ഓലപ്പകർപ്പുമായി ഒത്തുനോക്കി ചില തിരുത്തലുകൾകൂടി
വരുത്തി. പാഠത്തിൽ വരുത്താൻ പ്രഫ. എസ് ഗുപ്തൻ നായർ നിർദേശിച്ച ചില
തിരുത്തലുകൾ കുറിപ്പുകളിൽ ഉൾപ്പെടുത്തുകയും ചെയ്തു. മേൽ വിവരിച്ച സാഹചര്യ
ത്തിൽ വിശദമായ വ്യാഖ്യാനക്കുറിപ്പുകൾ ചേർക്കാൻ പ്രയാസങ്ങളുണ്ട്. ഉള്ളടക്കവും
ഇതിവൃത്തഗതിയും മനസ്സിലാക്കാൻ വേണ്ട ചില സൂചനകൾ മാത്രമാണ്
കുറിപ്പുകളിലുള്ളത്. ഗുണ്ടർട്ടുപയോഗിച്ച ഓലക്കെട്ടിൽ ഒരേ പാട്ടുതന്നെയാണ്
100, 101 എന്നീ നമ്പരുകളിൽ കാണുന്നത്. അതു ഒഴിവാക്കുമ്പോൾ പാട്ടുകളുടെ
എണ്ണം 103 ആകും.

ഗോത്രസ്മരണകളുണർത്തുന്ന ദ്രാവിഡപുരാണം

പയ്യന്നൂർപ്പാട്ടു വിലയിരുത്തുമ്പോൾ അവശ്യം പരിഗണിക്കേണ്ട ഒന്നുരണ്ടു
കാര്യങ്ങൾ ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. ഈ കൃതിയുടെ ഇതിവൃത്തം
അസാധാരണമാണ്. നീലകേശിയാണ് നായിക, അവൾതന്നെ കേന്ദ്രപാത്രം.
ഭർത്താവു നമ്പുച്ചെട്ടിയും മകൻ ഇളംതരിയരനുമാണു മറ്റു കഥാപാത്രങ്ങൾ.
ദ്രാവിഡപുരാണങ്ങളിൽ, വിശിഷ്യ രക്തവും കരുത്തും പ്രകടമാക്കുന്ന
സ്ത്രീപുരാണങ്ങളിൽ കാണാറുള്ള മറ്റൊരു ഘടകം സഹോദരനാണ്. ഇവിടെ
സഹോദരനല്ല, സഹോദരന്മാരാണ്. സഹോദരരെ കൊന്ന ഭർത്താവിനോടു പകരം
വീട്ടാൻ മകനെ കൊല്ലുമെന്നു പ്രതിജ്ഞയെടുത്തു ഇറങ്ങിപ്പോയി നീലകേശി.
കുടിപ്പക തീർക്കാൻ നീലകേശി മടങ്ങിയെത്തി തീവ്രശ്രമം തുടങ്ങുന്നിടത്തു
പയ്യന്നൂർപ്പാട്ടു മുറിഞ്ഞുപോയി. എന്നാൽ കഥയുടെ ഉത്തരഭാഗം എഡിറ്റർ പി.
ആന്റണി കണ്ടെത്തിയിരിക്കുന്നു. അതു നീലകേശിപ്പാട്ടിലാണ്. ഇതിവൃത്ത
ത്തിന്റെ കാര്യത്തിൽ പയ്യന്നൂർപ്പാട്ടിന്റെ തുടർച്ചതന്നെ നീലകേശിപ്പാട്ട്* എന്നു
പഠനത്തിൽ ആന്റണി അതിവിദഗ്ദദ്ധമായി സ്ഥാപിച്ചിരിക്കുന്നു: നീലകേശിപ്പാട്ടിൽ

*'കെന്ത്രോൻപാട്ട് എന്ന ഗർഭബലികർമ്മത്തിനു വണ്ണാന്മാർ പാടാറുള്ളതാണ്
നീലകേശിപ്പാട്ട്' എം.വി. വിഷ്ണുനമ്പൂതിരി, ഫോക്ലോർ നിഘണ്ടു 1989: 225
നീലകേശിപ്പാട്ടിലെ ഇതിവൃത്തവും നമ്പൂതിരി രേഖപ്പെടുത്തിയിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/35&oldid=201050" എന്ന താളിൽനിന്ന് ശേഖരിച്ചത്