Jump to content

താൾ:11E607.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxv

ഗുണ്ടർട്ടും ഹെസ്സേയും

പല രാജശില്പികളും ജീവിതാന്ത്യത്തിൽ ദുഃഖിതരാകുന്നതു
പിൻമുറക്കാരെച്ചൊല്ലിയാണല്ലോ. ഇത്തരം കാര്യങ്ങളിൽ ഗുണ്ടർട്ടിന്റെ മനസ്സു
പതിഞ്ഞിരുന്നെങ്കിലും അവയിലൊന്നും ഹൃദയം കുടുങ്ങിപ്പോകാതിരിക്കാൻ
അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഹെർമൻ ഹെസ്സേയുടെ അനുഭവ സാക്ഷ്യം ഇതിനു
മതിയായ തെളിവാണ്. ധിക്കാരിയായ ഹെർമൻ ഹെസ്സേയ്ക്കു യാഥാസ്ഥിതികരെ
നേരിടാനുള്ള നല്ല പരിചയായിരുന്നു ഗുണ്ടർട്ട്. സാർത്രിന്നു ‌ഷ്വൈറ്റ്സർ
പോലെയാണ് തനിക്കു ഗുണ്ടർട്ട് എന്നു ഹെസ്സേ അഭിമാനപൂർവം രേ
ഖപ്പെടുത്തിയിട്ടുണ്ട്. മൗൾബ്രോണിലെ വൈദിക സ്കൂളിൽ നിന്ന് ഒളിച്ചോടിപ്പോയ
ഹെസ്സേയെ വിചാരണയ്ക്കും ശിക്ഷയ്ക്കുമായി മുത്തച്ഛന്റെ മുന്നിലേക്കു
മാതാപിതാക്കൾ പറഞ്ഞയച്ചു. ആ രംഗത്തിന്റെ ഗാംഭീര്യം ഹെസ്സേ തന്നെ
വിവരിച്ചിട്ടുണ്ട്. പുസ്തക ഷെൽഫുകൾക്കു പിന്നിൽ അധൃഷ്യനായി കാണപ്പെട്ട
മുത്തച്ഛന്റെ മുമ്പിൽ താൻ ഉരുകിപ്പോകുന്നതു പോലെ ഹെസ്സേയ്ക്കു തോന്നി:
മുത്തച്ഛനാകട്ടെ മുഖം കവിഞ്ഞൊഴുകുന്ന പുഞ്ചിരിയോടെ ചോദിച്ചു: 'നീ ഒരു
പ്രതിഭായാത്ര (Geniereise) നടത്തി എന്നു കേട്ടല്ലോ?' മനസ്സിളക്കുന്ന
ആശയാദർശങ്ങളുടെ ചുഴലിക്കാറ്റിൽപ്പെട്ട യുവപ്രതിഭകൾ നടത്തുന്ന
ആപൽക്കരമായ സാഹസിക യാത്രകൾക്കു ജർമ്മൻ സർവകലാശാലാ
ക്യാമ്പസുകളിൽ, വിശേഷിച്ചു ട്യൂബിങ്ങനിൽ ഗുണ്ടർട്ടിന്റെ വിദ്യാഭ്യാസകാലത്തു
ഉപയോഗിച്ചിരുന്നവാക്കാണ് 'പ്രതിഭായാത്ര'.* ഇത്രയ്ക്കു ഋജുവായും
മർമ്മവേധിയായും അനുകമ്പാ പൂർണ്ണമായും സംസാരിക്കുന്നവരെയാണല്ലോ നാം
മഹാമുനിമാർ എന്നു പറയാറുള്ളത്. അവർ രാജശില്പികളാണെങ്കിലും തലമുറ
ഭേദങ്ങളെ അതിവർത്തിക്കാൻ കെല്പുള്ളവരാണ് അത്തരമൊരു പ്രതിഭാ
ധനനായിരുന്നു ഗുണ്ടർട്ട്. അതു കൊണ്ടായിരിക്കണം, ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും
അദ്ദേഹത്തിന്റെ നിഘണ്ടുവും വ്യാകരണവും ചരിത്ര ഗ്രന്ഥങ്ങളും പുത്തൻ
തലമുറകളുമായി സംവദിക്കുന്നത്; അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരം
വിജ്ഞാനവീഥിയിൽ വെളിച്ചം ചൊരിയുന്നത്.

പയ്യുന്നൂർപാട്ട് - പഠനങ്ങൾ

പയ്യന്നൂർപ്പാട്ടിന്റെ പ്രാധാന്യവും സ്വഭാവവും വിശദീകരിക്കുന്ന മൂന്നു
ലേഖനങ്ങൾ ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തു ചേർത്തിരിക്കുന്നു. എന്റെ
എളിയ ഗവേഷണ പഠന സംരംഭങ്ങളിൽ ഗുരുവചനങ്ങൾ കൊണ്ട് പ്രോത്സാഹനവും
അനുഗ്രഹവും നൽകുന്ന പ്രഫ എസ് ഗുപ്തൻ നായരുടെ പഠനം ഇതിനോടകം

*അവലംബം, ഹെർമൻ ഹെസ്സേ സ്വിറ്റ്സർലണ്ടിലെ ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച
(1952) ലേഖനമാണ്. കവിയും വിഗ്രഹഭഞ്‌ജകനും നിഷേധിയും ഉദാരഹൃദയനുമായ
ഗുണ്ടർട്ടിനെ പരിചയപ്പെടുത്തി തരുന്ന ഹെസ്സേയുടെ ലേഖനം പൂർണ്ണ രൂപത്തിൽ
തർജമയായി, 'മുത്തച്ഛന്റെയും കൊച്ചുമകന്റെയും പ്രതിഭായാത്ര' എന്ന ലേഖനത്തിൽ,
ഈ ലേഖകൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്; ദീപിക വാർഷികപ്പതിപ്പ് 1992: 230 - 234.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/31&oldid=201042" എന്ന താളിൽനിന്ന് ശേഖരിച്ചത്