താൾ:11E607.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമുഖം

സ്കറിയാ സക്കറിയ

മലയാളികളുടെ കൺവട്ടത്തുനിന്ന് ഒന്നൊന്നര നൂറ്റാണ്ടായി മറഞ്ഞിരുന്ന പയ്യന്നൂർ
പാട്ട് അപൂർണ്ണമായിട്ടാണെങ്കിലും ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ
ഭാഷാപണ്ഡിതന്മാരിൽ ഗുണ്ടർട്ടു മാത്രമേ ഈ കൃതി കണ്ടിരുന്നുള്ളു. അദ്ദേഹം
അതു നിഘണ്ടുവിലും വ്യാകരണത്തിലും ഉദ്ധരിക്കുകയും അതിന്റെ
പ്രാധാന്യത്തെക്കുറിച്ചു ഇംഗ്ലീഷിൽ ഒരു കുറിപ്പ് (1844) എഴുതുകയും ചെയ്തു.
പിൽക്കാലത്തുള്ളവർക്കു നിഘണ്ടുവിലെയും വ്യാകരണത്തിലെയും ഇംഗ്ലീഷ്
കുറിപ്പിലെയും ഉദ്ധരണികളിലൂടെ പയ്യന്നൂർ പാട്ട് വായിച്ചെടുക്കേണ്ടിവന്നു. ആ
ദുഃസ്ഥിതി മാറുകയാണ്. ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലാ
ലൈബ്രറിയിൽനിന്നാണ് ഗുണ്ടർട്ട് ഉപയോഗിച്ച കൈയെഴുത്തു ഗ്രന്ഥം
കണ്ടുകിട്ടിയിരിക്കുന്നത്. മലയാളഭാഷയുടെ നിധികുംഭം എന്നു വിശേഷിപ്പി
ക്കാവുന്ന ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിന്റെ ഭാഗമാണ് ഇപ്പോൾ പയ്യന്നൂർ
പാട്ട്.

ട്യൂബിങ്ങൻ ഗ്രന്ഥപരമ്പര

ട്യൂബിങ്ങൻ സർവകലാശാലയിലെ ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥശേഖരവും
സ്വിറ്റ്സർലണ്ടിലെ ബാസൻ മിഷൻ ആർക്കൈവ്സും ഉപയോഗിച്ചാണ് ഹെർമൻ
ഗുണ്ടർട്ട് ഗ്രന്ഥപരമ്പര സംവിധാനം ചെയ്തു പ്രസിദ്ധീകരിച്ചത്. ആ പരമ്പരയിലെ
എട്ടു പുസ്തകത്തിലൂടെ ഗുണ്ടർട്ടിന്റെ മിക്ക കൃതികളും വീണ്ടും വായനക്കാരുടെ
കൺമുമ്പിലെത്തി. ഗ്രന്ഥരചനയ്ക്കു ഗുണ്ടർട്ട് ഉപയോഗിച്ച മൗലിക
ഉപാദാനങ്ങളെക്കുറിച്ചു പരമ്പരയിലെ വിവിധ വാല്യങ്ങളുടെ ആമുഖ പഠനങ്ങളിൽ
വിശദമായ പരാമർശമുണ്ട്. ട്യൂബിങ്ങനിലെ മലയാളം കൈയെഴുത്തുഗ്രന്ഥങ്ങളുടെ
പട്ടിക ഗുണ്ടർട്ടു ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യമായ മലയാളം ഇംഗ്ലീഷ് ജർമൻ
ജീവചരിത്രങ്ങളിൽ ചേർത്തിരുന്നു. ആ പട്ടികയിൽ പ്രത്യക്ഷപ്പെടുന്ന ചില
ഗ്രന്ഥങ്ങൾ, വിശിഷ്യ പയ്യന്നൂർ പാട്ടും തലശ്ശേരി രേഖകളും ഭാഷാസ്നേഹികളുടെ
ജിജ്ഞാസ ഉണർത്തി. അവ എങ്ങനെയും അച്ചടിയിലെത്തിക്കണം എന്ന
അഭിപ്രായമുണ്ടായി. അങ്ങനെയാണ് ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറി
മലയാളം ഹസ്തലിഖിത ഗ്രന്ഥപരമ്പര (Tuebingen University Library Malayalam
Manuscript Series (TULMMS) എന്ന ആശയം ഉണ്ടായത്.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/17&oldid=201016" എന്ന താളിൽനിന്ന് ശേഖരിച്ചത്