താൾ:11E607.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അയാളുടെ ഉപദേശം. അതനുസരിച്ച് കപ്പലിൽ കയറ്റുന്ന സാധനങ്ങളുടെ നീണ്ട
പട്ടികയോടെയാണു പാട്ട് അപൂർണ്ണായി അവസാനിക്കുന്നത്. നീലകേശിപ്പാട്ടി
ലാകട്ടെ, ഒരു ദാസന്റെ മാത്രം അകമ്പടിയോടെയാണു തരിയരൻ എത്തുന്നത്.
കൂത്തിന്റെ വളർമ കേട്ട് എത്തുന്നുവെന്നു പറയുന്നെങ്കിലും കൂത്തിനെപ്പറ്റി പിന്നീട്
പരാമർശമില്ല.

നീലകേശിപ്പാട്ടിലും പയ്യന്നൂർപ്പാട്ടിലും നായികാ കഥാപാത്രത്തിന്റെ പേര്
ഏതാണ്ടു മറിച്ചുവെക്കപ്പെടുന്നുവെന്നത് കൗതുകകരമായിരിക്കുന്നു.
പയ്യന്നൂർപ്പാട്ടിൽ മറ്റു രണ്ടു കഥാപാത്രങ്ങളുടെയും പേരു പല പ്രാവശ്യം
ആവർത്തിക്കുന്നുണ്ടെങ്കിലും നീലകേശിയുടെ പേര് ഒരിടത്തു മാത്രമേ
പരാമർശിക്കുന്നുള്ളു. നീലകേശിപ്പാട്ടിലാകട്ടെ താപസിയുടെ പേരു
പറയുന്നതേയില്ല. പ്രസ്തുത കഥാപാത്രത്തിന്റെ നിഗൂഢാത്മകസ്വഭാവത്തിന്റെ
സൂചനയാകാം ഇത്.

പയ്യന്നൂർപ്പാട്ടിൽ, താപസിയുടെ വേഷത്തിലെത്തുന്ന നീലകേശി,
വെള്ളിമലയ്ക്കൊരു പൊന്മകൾ, ചെംബിടെയോന്മകൾ എന്നൊക്കെയാണു തന്നെ
പരിചയപ്പെടുത്തുന്നത്. നീലകേശിപ്പാട്ടിലെ താപസി, തരിയരന്റെ
കുടൽമാലയണിഞ്ഞ് തമ്മപ്പന്റെ കോയിലിലേക്കാണു കയറിച്ചെല്ലുന്നത്.
'എന്റിതൊരു ശ്രീകൈലാസം തീണ്ടല്ല നീയും' എന്നു പറയുന്ന തമ്മപ്പൻ
പരമശിവനാണെന്നതു വ്യക്തം. ഇതുകൊണ്ടാണ്, "ദാരികനെ കൊന്ന
കാളിയാണോ നീലകേശി? ദാരികനെ കൊല്ലുവാൻ കാളിയും താപസിയായിട്ടാണു
പോയതെന്നു മറ്റു പല പാട്ടുകളിൽ നിന്നും ഗ്രഹിക്കാം" എന്ന് ഡോ. എം. വി.
വിഷ്ണു നമ്പൂതിരി എഴുതുന്നത് (1982:43). തരിയരൻ-ദാരികൻ എന്നീ പേരുകളുടെ
സാദൃശ്യവും വിഷ്ണുനമ്പൂതിരിയുടെ സംശയത്തിന് ആധാരമായിട്ടുണ്ടാവാം.
പയ്യന്നൂർപ്പാട്ടിലെ നായക കഥാപാത്രത്തിന്റെ പേര് നമ്പുസരിഅരൻ
എന്നാണെങ്കിലും ഇളന്തരിയരൻ എന്ന് പലയിടങ്ങളിലും അയാളെ
പരാമർശിക്കുന്നുണ്ട്.

അസാധാരണ പ്രഭാവമുള്ള സ്ത്രീ കഥാപാത്രങ്ങളെ കാളീ സങ്കല്പത്തിൽ
ഉൾക്കൊള്ളിക്കാനുള്ള ശ്രമം കേരളത്തിലെ നാടൻ പാട്ടു മേഖലയിൽ പൊതുവേ
കാണുന്നുണ്ട്. ഭദ്രകാളിക്ഷേത്രങ്ങളിൽ പാടിവരുന്ന മണിമങ്കത്തോറ്റം, മുടിപ്പുരപ്പാട്ട്
എന്നിവയിൽ കണ്ണകിക്കഥ കാളീസങ്കല്പത്തിൽ ഉൾച്ചേർത്തിരിക്കുന്നതു കാണാം.
കൂടുതൽ വിവരങ്ങൾക്ക്, തോറ്റം പാട്ട് ജി. ശങ്കരപ്പിള്ള, എൻ. ബി. എസ്സ്, കോട്ടയം
(1958), "The kannaki legend and the Tottam pattu, P. Anantan pillai, Kerala
studies (1955), [Prof. A. Gopala menon commemoration volume] എന്നിവ
നോക്കുക. നീലകേശിപ്പാട്ടിലും ഇതു തന്നെയല്ലേ കാണുന്നത്?

പയ്യന്നൂർപ്പാട്ടും നീലകേശിപ്പാട്ടും ചേർത്തുവച്ചു നോക്കുമ്പോൾ ഇതിവൃത്തം
രണ്ടു തട്ടകത്തിലായി പരന്നുകിടക്കുന്നതു കാണാം. അവയ്ക്ക് നാട്, കാട് എന്നു
പേരുകൾ നൽകാം. മാനുഷിക വികാരങ്ങളും കർമ്മങ്ങളും പ്രവർത്തിക്കുന്ന തട്ടകം
നാട്. അമാനുഷികമോ പ്രാകൃതമോ ആയ വികാരങ്ങളും കർമ്മങ്ങളും
പ്രവർത്തിക്കുന്ന തട്ടകം കാട്. അനപത്യദുഃഖവുമായി നാടുകളിൽ നിന്നു
നാടുകളിലേക്ക് ഭിക്ഷുകിയായി അലയുന്ന നീലകേശിയിൽ മാനുഷികമായ

53

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/107&oldid=201183" എന്ന താളിൽനിന്ന് ശേഖരിച്ചത്