താൾ:11E607.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുമ്പെ തരിയരന്റെ തലയെനിക്കു പണയമാകേണം' എന്നു നിശ്ചയിച്ച താപസി,
മായത്താൽ ഒരു മുല്ലപ്പള്ളി പണിതീർക്കുന്നു. കൂത്തിന്റെ കീർത്തികേട്ട തരിയരൻ
'ആന പോലെ കുളം ചാടി കുളി കഴിഞ്ഞ്' ഉണ്ണിച്ചങ്ങനെക്കൊണ്ട് കെട്ടും എടുപ്പിച്ച്
താപസിയെ ചെന്നു വിളിക്കുന്നു. താപസിയാകട്ടെ, മായച്ചൂതും ചതുരംഗവും വെച്ചു
നിരത്തി, ‘ഒരു പലക ചൂതൊടു ചതുരംഗം' പോർമുനയേണം എന്നു തരിയരനോട്
ആവശ്യപ്പെടുകയാണ്.

'ഞാൻ തോറ്റുവെങ്കിലെന്റൊരു മുല പണയം
നീ തോറ്റുവെങ്കിൽ നിന്റിതൊരു തല പണയം’

എന്നാണ് അവൾ വ്യവസ്ഥ നിർദ്ദേശിക്കുന്നത്. ചൂതിലും ചതുരംഗത്തിലും തോറ്റ
തരിയരനെ മടിയിൽ കിടത്തി' എന്റിതൊരു പഴംകുടിപ്പാ വീട്ടുന്നു ഞാനും’ എന്നു
പറഞ്ഞ്, അയാളെ കുത്തിക്കൊന്ന്, കുടൽമാലധരിക്കുന്നു, താപസി. ആ വേഷത്തിൽ
തമ്മപ്പൻ കോയിലിലെത്തിയ അവളോട് 'കുലവാണിവപ്പക'യുള്ള നീ എന്റെ
ശ്രീകൈലാസം തീണ്ടി അശുദ്ധമാക്കരുതെന്നും, വടവന്യതീർത്ഥത്തിൽ പോയി
കുളിച്ചു ശുദ്ധി വരുത്തണമെന്നും നിർദ്ദേശിക്കുന്നു. വടവന്യതീർത്ഥത്തിൽ പോയി
കുളിച്ച താപസി ‘ദൈവക്കരുവായ്' മാറുകയാണ്. ഈ ദേവത, തെക്കൻ കൊല്ലം,
വളപട്ടണം, കോലത്തുവയലാൽ, പട്ടാൻചേരി, തൃച്ചംബരം തുടങ്ങി പലേടത്തും
സഞ്ചരിക്കുകയും ചിലേടങ്ങളിൽ കുടികൊള്ളുകയും ചെയ്യുന്നു.

പയ്യന്നൂർപ്പാട്ടിലെ കഥ അന്യത്ര വിവരിച്ചിട്ടുണ്ടല്ലോ. അസാധാരണമായൊരു
പ്രതികാര നിർവഹണത്തിന്റെ കഥയാണ് അതിന്റെ ഇതിവൃത്തമെന്ന്
സൂചനയുണ്ട്. നമ്പുസരിഅരനോടു ശാസ്ത്രവാദം നടത്തുന്ന താപസി
ആരാണെന്നു വ്യക്തമാക്കുന്നില്ലെങ്കിലും അതു നീലകേശി തന്നെ എന്നാണു
മനസ്സിലാക്കേണ്ടത്. താപസിയുടെ ക്ഷണം സ്വീകരിച്ച് കൂത്തിന്നു പോകാൻ
ഒരുങ്ങുന്ന മകനെ തടഞ്ഞുകൊണ്ട് ചൊമ്പുചെട്ടി പറയുന്നു:

അന്നൊരു കാലന്നിണക്കു നേർന്നു
ഐയ്യപ്പൻ കോയില്ക്കൽ കൂത്താടിച്ചെൻ
വന്നാരറുവരിള വാണിയം
മതിലേറി വന്നെന്നരികിരുന്നാർ
അന്നവരെ കൊന്നെൻ ഞാൻമകനെ
അതിനവർ നിന്നെയും കൊല്ലും കണ്ടാൽ

ആങ്ങളമാർ വധിക്കപ്പെട്ടത് അറിഞ്ഞ നിലകേശി

'കൊൾവനെന്നാങ്ങളമാർക്കു വേണ്ടി
കൊല അലത്തോടെ വളരും പൈതൽ'

എന്ന പ്രതിജ്ഞയോടെയാണു നാടുവിടുന്നത്. ആങ്ങളമാരുടെ വധത്തിനു
പ്രതികാരമായി സ്വപുത്രനെ വധിക്കാൻ തീരുമാനിച്ച സ്ത്രീയെക്കുറിച്ചുള്ള
സങ്കല്പത്തിന്റെ വേരുകൾ പ്രാചീനമായ ഏതോ ഗോത്രവഴക്കങ്ങളിലാണു
തിരയേണ്ടത്.

പയ്യന്നൂർപ്പാട്ടിൽ, മകന്റെ നിർബന്ധം സഹിക്കാനാവാതെ പയ്യന്നൂരിൽ
നടക്കുന്ന കൂത്തിനു പോകാൻ ചൊമ്പുചെട്ടി മൗനാനുവാദം നൽകുന്നു. എന്നാൽ,
വേണ്ടത്ര തയ്യാറെടുപ്പോടെ, കച്ചവടത്തിനു ഒരുങ്ങിവേണം യാത്രയാവാൻ എന്നാണ്

52

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/106&oldid=201181" എന്ന താളിൽനിന്ന് ശേഖരിച്ചത്