പത്രങ്ങളിൽ പൊതുജനാഭിപ്രായത്തെപ്പറ്റി വായിക്കുമ്പോൾ, വിശേഷിച്ചും ടി അഭിപ്രായം അച്ചടിക്കാർ വെണ്ടയ്ക്കാവടിയിൽ തൊലി പൊളിക്കുന്ന തലക്കെട്ടുകളോടുകൂടി അടിച്ചു വിടുമ്പോൾ ഇത്രമാത്രം പരസ്യം ലഭിക്കുന്ന ഈ സാധനം നിങ്ങളും ഞങ്ങളും മറ്റുള്ളവരും കൂടി ഉണ്ടാക്കിയിടുന്ന വെറും ഒരു കാറ്റുനിറച്ച ബലൂണാണെന്ന് ആരെങ്കിലും കരുതാറുണ്ടോ? ഒരു മനുഷ്യന് തെരുവു നീളെ ഇറങ്ങി നടന്നു പൊതു ജനങ്ങളിൽ ഓരോരുത്തരുടേയും അഭിപ്രായം തിരക്കി അറിയുക സാധ്യമല്ല. അങ്ങനെ ചെയ്യാൻ ഒരു പത്രാധിപൎക്കും ചുമതലയുമില്ല. അതുകൊണ്ട് അയാൾ വാസ്തവത്തിൽ ചെയ്യുന്നതെന്തെന്നുവെച്ചാൽ താൻ ദിവസേന കണ്ടുമുട്ടുന്നു, അയാളുടെ ആശയങ്ങളിലും ജീവിതരീതിയിലും അനുഭാവമുള്ള, ഏതാനും പേരുടെ അഭിപ്രായം തിരക്കി അറിയുക മാത്രമാകുന്നു. ഇതാണ് അയാളുടെ ആധിപത്വത്തിലുള്ള പത്രത്തിന്റെ പൊതുജനാഭിപ്രായമായിത്തീരുക. ഒരു മനുഷനു് ഇങ്ങനെ ഉറ്റ ചങ്ങാതിമാരായിത്തീരുന്നതും അയാളിലും കുറഞ്ഞ ആലോചനാശക്തിയുള്ളവർ മാത്രമായിരിക്കും. അതുകൊണ്ട് പൊതുജനാഭിപ്രായം മിക്കവാറും അയാളുടെ സ്വന്തം അഭിപ്രായം തന്നെ ആവാനാണിടയുള്ളതു്.
അയാൾ വരുന്നതുവരെ പത്രമാപ്പീസിൽ ഇരുന്നു മുരഞ്ഞു വൈകുന്നേരത്തു തന്റെ ഉറ്റചങ്ങാതി കാളിപ്പിള്ളയുമായി പോറ്റി ഫോട്ടലിൽ ഇത്ര കാപ്പി കുടിക്കാൻ പോകുന്നു എന്നിരിക്കട്ടെ. അയാൾ, കാളിപ്പിള്ളയോടു ചോദിക്കയാണു്.