പുതുവത്സരം പ്രമാണിച്ചു ബഡ്ജറ്റു തയ്യാറാക്കുന്നതിനു് പ്രസ്തുത അസംബ്ളി ഒരു കമ്മിറ്റിയെ നിയമിച്ചു. കമ്മിറ്റിയിൽ ഫിനാൻഷ്യൽ സെക്രട്ടറി ചെയ്ത പ്രസംഗത്തിന്റെ ചില ഭാഗങ്ങളാകുന്നു താഴെ ചേൎക്കുന്നതു്.
"ഞാൻ ശാഖാചംക്രമണം ചെയ്യണമെന്നു വിചാരിക്കുന്നില്ല. ഇന്നലെ അവസാനിച്ച് കൊല്ലം സാമ്പത്തികദൃഷ്ട്യാ അനുകൂലമായ ഒന്നായിരുന്നില്ല എന്നു കമ്മിററിയിലെ അംഗങ്ങൾക്കു് ഒരുപക്ഷേ അറിയാമായിരിക്കും. അവർ വൎത്തമാനപ്പത്രങ്ങൾ വായിക്കുന്ന പതിവുള്ള പക്ഷം ഇപ്പോൾ തുടങ്ങിയ ആണ്ടിലെ പ്രതീക്ഷകളും അത്രമാത്രം തൃപ്തികരമല്ല എന്നും മനസ്സിലാക്കിയിരിക്കാൻ ഇടയുണ്ട്. ഈ പരിതസ്ഥിതികൾക്കു ഹേതുഭൂതമായ കാരണങ്ങൾ എന്റെ നിയന്ത്രണത്തിനും അതീതങ്ങളാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഒരു സാധാരണ കൊല്ലത്തിൽ എന്നു വെച്ചാൽ എനിക്ക് ഒരു വമ്പിച്ച ക്രാസ്സ്വേർഡ് പസിലിന്റെ ഒന്നാംസമ്മാനമോ, ഭാഗ്യക്കുറിയിലെ ആദ്യ നറുക്കോ കിട്ടാത്ത കൊല്ലത്തിൽ, നമ്മുടെ വരവിന്റെ ഭൂരിഭാഗവും തൊഴിൽചുങ്കങ്ങളിൽ നിന്നുതന്നെ പിരിഞ്ഞുകിട്ടേണ്ടതായിരിക്കുന്നു എന്നു കമ്മിററിക്കറിയാമല്ലോ. ഈ ഇനത്തിൽ നിന്നുമുള്ള വരുമാനം കഴിഞ്ഞ കൊല്ലത്തെ സംബന്ധിച്ചേടത്തോളം പ്രതീക്ഷയിൽ കുറവായിരുന്നു. ഇതു ചുങ്കം പിരിക്കാനുള്ള ഉദാസീനതകൊണ്ടോ, മറ്റുവല്ല അജാഗ്രതകളും കൊണ്ടോ ഉണ്ടായിട്ടുള്ളത