ന്റെ ഷൂസ് (ചെരിപ്പ്) മുമ്പിൽ തറയിൽ നിക്ഷേപിച്ച് അതിനെ നോക്കി അദ്ദേഹം ഇങ്ങനെ സംസാരിക്കയായിരുന്നു. "ഉം-പോ-നടക്കു് ശവമേ, എന്നെക്കൂടാതെ നീ തനിച്ചു കച്ചേരിക്കു പോകുന്നതു ഞാനൊന്നു കാണട്ടെ."
ഇതു കേട്ടുകൊണ്ടാണ് ഞാനദ്ദേഹത്തിന്റെ മുൻപിൽ പ്രവേശിച്ചതു്. ഞാൻ ചോദിച്ചു:
"എന്താണ്, സാറേ ആരോടാണു് സ്വാഗതം?"
അദ്ദേഹം പറഞ്ഞു: “ഹോ, ഈ ദിക്കിലെ ചെരിപ്പുകുത്തികളോടു ഞാൻ തോറ്റു. വേല വളരെ മോശം. ഒരു പെയർഷൂസ് രണ്ടാഴ്ചയ്ക്കുള്ളിൽ തേഞ്ഞു നശിക്കുന്നു. കൂലിയാണെങ്കിൽ മദ്രാസിലെ റെൻബെന്നറ്റുകാരും തോറ്റു പോകും. ശവങ്ങളെ ചുടണം."
ശവങ്ങളെ കുഴിച്ചിടണം എന്നു വാദിക്കുന്ന കൂട്ടരോട് എനിക്കു വഴക്കില്ലെങ്കിലും, അദ്ദേഹം ഒടുവിൽ പറഞ്ഞ അഭിപ്രായത്തോടു പൂണ്ണമായ അനുഭാവമാണെനിക്കുണ്ടായിരുന്നതു്. എങ്കിലും, അദ്ദേഹത്തിന്റെ സ്വന്തം ചെരിപ്പിനോടുള്ള സംബോധനകൾ കേൾക്കാനിടയായ ഞാൻ അദ്ദേഹത്തിന്റെ മനസ്സിന്റെ സുസ്ഥിരമായ ആരോഗ്യത്തെപ്പറ്റി അല്പമൊന്നു ക്ലേശിച്ചതിൽ വിസ്മയിക്കാനില്ലല്ലോ.
പിന്നൊരവസരത്തിൽ മാന്യനും മധ്യവയസ്കനും മൎയ്യാദക്കാരനുമായ ഒരു വക്കീൽപ്രമാണി പബ്ലിക്ക് ലൈബ്രറിയിലെ മെമ്പറന്മാരുടെ മുറിയിൽ ഒരു ഇംഗ്ലീഷു ചിത്രപത്രവും നോക്കി രസിച്ചിരിക്കയായിരുന്നു. പന്ത്രണ്ടു