മനുഷ്യർ, വിശേഷിച്ചും അന്യർ മാനിക്കേണ്ടതെന്നു തങ്ങളും ബഹുജനവും വിചാരിക്കുന്ന 'അവസ്ഥ'യിൽ എത്തിച്ചേൎന്നിട്ടുള്ള മനുഷ്യർ, ഏകാന്തമായിരിക്കുമ്പോൾ, കാട്ടിക്കൂട്ടുന്ന വികൃതികൾ ഒരു തത്ത്വജ്ഞാനിയുടെ ചിന്താഗതിയെ ആകൎഷിക്കാൻ പോന്നവയാകുന്നു. തങ്ങളെ ആരും ഉറ്റുനോക്കുന്നില്ല. മഹാജനം എന്ന സദസ്യസംഘത്തെ തങ്ങൾ അഭിമുഖീകരിക്കുന്നില്ല, എന്നു വരുമ്പോൾ ഇക്കൂട്ടർ തങ്ങളുടെ ഏത്താപ്പായ ഗൌരവവും 'ഘന'ഭാവവും താഴെയിറക്കിവെച്ചിട്ട് ഏതോ ചില ബാലിശചാപല്യങ്ങൾക്കു സ്വയം വിധേയരാവുന്നതുപോലെ കാണപ്പെടുന്നു. പല സന്ദൎഭങ്ങളിലും ഇക്കൂട്ടരെ അവരറിയാതെ നോക്കി നില്ക്കുന്നതായാൽ നിങ്ങൾക്കു ചിരിക്കാനും അവരോട് അസൂയയ്ക്കു പകരം അനുകമ്പതോന്നുവാനും ഹേതുവുണ്ടാകന്നതാണ്. പരസ്യമായിത്തന്നെ തന്റെ തോളുകൾ സമനിരപ്പിൽ നിന്നും ഉയൎത്തി താഴ്ത്തുകയും, കണ്ണടച്ചു മുഖം
ഇടത്തോട്ടും വലത്തോട്ടും വൃഥാ ചലിപ്പിക്കയും ചെയ്യുന്ന ഒരു ഇടത്തരം ഉദ്യോഗസ്ഥനെ പലരും കണ്ടിരിക്കാം.
അല്പകാലം മുമ്പ് ഈ വിദ്വാൻ ഒരു സൂപ്രണ്ടായിരുന്ന ആപ്പീസിൽ ഇയാളുടെ കീഴിലായി അതേ ചേഷ്ടാവിശേഷമുള്ള കേ- എന്ന ഒരു ഗുമസ്തനും ഉണ്ടായിരുന്നു. വികടനായ മറെറാരു ഗുമസ്തൻ ഒരു ദിവസം 'കേ-'യെക്കുറിച്ച് സൂപ്രണ്ടിനോടു പറകയായിരുന്നു:-