സ്ഥിരതയുള്ള, ബുദ്ധിമാന്മാരായ അയൽക്കാരുടെ സഹവാസത്തിൽ ഞാൻ എന്റെ ദിവസങ്ങളേയും രാത്രികളേയും വെറുതേ കളഞ്ഞു;
അധികം അറിവു് എന്റെ തല നരപ്പിക്കയും അധികം നോട്ടം എന്റെ കാഴ്ച മങ്ങിക്കയും ചെയ്തു;
അനേകകൊല്ലം കൊണ്ടു ഞാൻ വസ്തുക്കളുടെ തുണ്ടുകളും കഷണങ്ങളും സംഭരിക്കയും കൂമ്പാരംകൂട്ടുകയും ചെയ്തു;
അവയെ പൊടിയാക്കുക, അവയുടെ മീതെ നൃത്തം വെയ്ക്കുക, അവയെ എല്ലാം കാറ്റിൽ പറത്തുക:
എന്തെന്നാൽ, നിറച്ചു മദ്യം കഴിച്ചു നായ്ക്കളുടെ അടുക്കൽ പോകുന്നതാണ് ബുദ്ധിയുടെ പാരമ്യമെന്നു ഞാൻ അറിയുന്നു.
എല്ലാ വളഞ്ഞ സങ്കോചങ്ങളും മറയട്ടെ, അനാശാസ്യമാംവിധം എന്റെ വഴി പിഴയ്ക്കട്ടെ;
ഒരു ഉന്മത്തമായ തലചുറ്റൽ തള്ളിവന്നു് എന്റെ നങ്കൂരങ്ങളിൽനിന്നും എന്നെ നിൎമ്മാൎജ്ജനം ചെയ്യട്ടെ;
ലോകം യോഗ്യരെക്കൊണ്ടും, ഉപയോഗവും സാമൎത്ഥ്യവുമുള്ള ജോലിക്കാരെക്കൊണ്ടും നിറഞ്ഞിരിക്കുന്നു:
എളുപ്പത്തിൽ ഒന്നാംസ്ഥാനം നേടുന്ന ആളുകളുണ്ട്, മൎയ്യാദയായി രണ്ടാംസ്ഥാനത്തു വരുന്ന ആളുകളുമുണ്ടു്;
അവർ സന്തോഷവാന്മാരായിരിക്കട്ടെ, നന്നാകട്ടെ; ഞാൻ വിഡ്ഡിത്വത്തോടെ ഉപയോഗശൂന്യനായിരുന്നുകൊള്ളാം;