താൾ:സുധാംഗദ.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകൃതിരംഗങ്ങൾ, ഒരുകാലത്ത് അവയുമായി താദാത്മ്യം പ്രാപിച്ച് ആനദലോലയായി വസിച്ച സുധാംഗദയുടെ (ഈനോൺ) പൂർവരംഗസ്മരണയിൽ, അവൾക്കുണ്ടാകുന്ന ഹൃദയയാതനയും പ്രണയദാർഢ്യവുമായി താരതമ്യപ്പെടുത്തിനോക്കുമ്പോൾ കേവലം നിസ്സാരങ്ങളാണ്." ഇതിൽ നിന്നും പ്രസ്തുത കാവ്യം എത്രമാത്രം വികാരാത്മകമായിട്ടുള്ള ഒന്നാണെന്നു തെളിഞ്ഞുകഴിഞ്ഞു. അതിനാൽ അതിനെക്കുറിച്ച് ഇനി വിസ്തരിച്ചു പ്രതിപാദിക്കേണ്ട ആവശ്യമില്ല.

ഉപസംഹാരം

'ഈനോൺ' എന്ന കൃതി സാധാരണായായി ഇന്റർമീഡിയറ്റ് വിദ്യാർത്ഥികൾക്കു പഠിക്കുവാനായി നിർദ്ദേശിക്കപ്പെടാറുണ്ട്. അതിന്റെ മാതൃകയിൽ രചിച്ചിട്ടുള്ള ഈ കൃതി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഉപയോഗത്തിന്, വിശേഷിച്ചും ആംഗലേയകവിതകൾ വായിച്ചു രസിക്കുവാനുള്ള അഭിരുചിയെ ഉദ്ദീപിപ്പിക്കുന്ന കാര്യത്തിൽ തികച്ചും പര്യാപ്തമാണെന്നു ഞാൻ വിശ്വസിക്കുന്നു. പ്രസിദ്ധീകരണത്തിൽ എന്നെ ഹൃദയപൂർവം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ പ്രിയ സുഹൃത്തുക്കളായ ശ്രീമാന്മാർ പോക്കാട്ടു രാഘവൻപിള്ള, റ്റി.എൻ. ഗോപിനാഥൻനായർ, കന്നുകുഴി വി. നാരായണപിള്ള ബി. എ, ചാലൂക്കോണം കുട്ടൻപിള്ള ബി. എ., എൻ. ചന്ദ്രശേഖരൻ നായർ എന്നീ മാന്യന്മാരോട് എനിക്കുള്ള അകൈതവമായ കൃതജ്ഞതയെ രേഖപ്പെടുത്തിക്കൊണ്ടു ഞാൻ എന്റെ സുധാംഗദയെ കൈരളീക്ഷേത്രത്തിലേക്കു ചമച്ചയച്ചുകൊള്ളുന്നു.

ചങ്ങമ്പുഴ കൃഷ്ണപിള്ള
"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/37&oldid=174569" എന്ന താളിൽനിന്ന് ശേഖരിച്ചത്