താൾ:സുധാംഗദ.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയിലും ദൃഢമായി വിശ്വസിച്ചു. "വിവിധമാർഗ്ഗങ്ങളിൽക്കൂടി ഈശ്വരൻ സ്വയം നിറവേറ്റുന്നു." "നവമായിട്ടുള്ളതിന് ഇടംകൊടുത്തുകൊണ്ട് പഴയ രീതി മാറിപ്പോകുന്നു." എന്തുകൊണ്ടെന്നാൽ സൃഷ്ടി ആകമാനം, സജീവങ്ങളും നിർജ്ജീവങ്ങളുമെല്ലാം, സമസ്തോൽക്കർഷങ്ങളുടെയും പരമലക്ഷ്യമായ "ഏതോ വിദൂരത്തിലുള്ള ആ ഏകദൈവികസംഭവ"ത്തിനടുത്തേക്കു പ്രയാണം ചെയ്യുകയാണ്.

പ്രകൃതിചിത്രങ്ങളുടെ രചനയിലും അദ്വിതീയമായ ഒരു സ്ഥാനം തന്നെയാണ് ടെന്നിസണുള്ളതെന്നു പറയാം. മോർട്ഡി ആർദർ, ഈനോൺ, ഈനോക് ആർഡൻ മുതലായ കൃതികളിൽ ആകർഷകവും സജീവവുമായ പ്രകൃതിവർണ്ണനകൾ സുലഭമായിക്കാണാം. എന്നാൽ പ്രകൃതിയുടെ സൗന്ദര്യത്തെയും വശ്യതയെയും മാത്രമല്ല അവളുടെ ക്രൗര്യത്തെയും ഹൃദയശൂന്യതയെയുംകൂടി സ്വകൃതികളിൽ അദ്ദേഹം പലയിടത്തും പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിൽ വേഡ്‌സ്‌വർത്തിനെയും ടെന്നിസണെയും താരതമ്യപ്പെടുത്തി അവർക്കുതമ്മിൽ കാണപ്പെടുന്ന അനല്പമായ വ്യത്യാസത്തെ വിശദീകരിച്ചു കാണിക്കുന്നത് പ്രയോജനകരവും രസാവഹവുമായിരിക്കും. പക്ഷേ, ഈ ചുരുങ്ങിയ ഉപന്യാസത്തിൽ അതിനു സൗകര്യപ്പെടാത്തതിനാൽ തത്കാലം അതിൽനിന്നു വിരമിക്കുകയേ നിവൃത്തിയുള്ളൂ. ആംഗ്ലേയ കവികളിൽ ഏറ്റവും പദലാളിത്യമുള്ളയാൾ ടെന്നിസണാണ്. അതിസുന്ദരങ്ങളും സംഗീതാത്മകങ്ങളുമായ പദങ്ങൾ മാത്രമേ അദ്ദേഹം തെരഞ്ഞെടുക്കൂ. അവയുടെ സ്ഥാനോചിതമായ ഘടനയിൽ അദ്ദേഹത്തെ ജയിക്കുന്ന ഒരു കവി ഇതുവരെ ഉണ്ടായിട്ടില്ല. ഒരരുവിയെ അദ്ദേഹം വർണ്ണിക്കുകയാണെങ്കിൽ, പാറക്കെട്ടുകളിൽ തല്ലിത്തകർന്നു പുളച്ചുപായുമ്പോഴും പച്ചവിരിച്ച പുൽത്തടങ്ങളെപ്പുണർന്നു ചരൽവിരിപ്പിലൂടെ തളർന്നൊഴുകുമ്പോഴും അതിനുണ്ടാകുന്ന സ്വരവ്യത്യാസങ്ങൾപോലും നമുക്ക് സ്പഷ്ടമായി കേൾക്കുവാൻ സാധിക്കും. ഇംഗ്ലീഷ് ഭാഷ തന്നെ അറിഞ്ഞുകൂടാത്ത ഒരു മനുഷ്യൻ, വെറും ശബ്ദശ്രവണംകൊണ്ടുമാത്രം ടെന്നിസൺന്റെ കവിത വേർതിരിച്ചറിഞ്ഞിരുന്നതായി രസാവഹമായ ഒരു കഥയുണ്ട്.

പത്തൊൻപതാം ശതകത്തിൽ ജീവിച്ചിരുന്ന ആംഗലേയ കവികൾ ഗ്രീസിലെ ഇതിഹാസങ്ങളിലുള്ള ഉപാലംഭങ്ങളിൽ പ്രത്യേകം കൗതുകം പ്രദർശിപ്പിച്ചിരുന്നതായിക്കാണാം. കീറ്റ്സിന്റെ പല ഉത്തമ കൃതികൾക്കും ആധാരം മേൽപ്രസ്താവിച്ച കഥകളാണ്. ടെന്നിസൺ അദ്ദേഹത്തെ അനുഗമിച്ചു. വേഡ്‌സ്‌വർത്ത്പോലും അതിൽ ഇഷ്ടപ്പെട്ടിരിന്നുവെന്ന് അദ്ദേഹത്തിന്റെ 'ലയൊടാമിയ' തുടങ്ങിയ കൃതികൾ വിളിച്ചുപറയുന്നു. ഈനോൺ എന്ന കൃതിയെ സ്റ്റോപ്‌ഫോർഡ്ബ്രൂക്ക് എന്ന വിമർശകൻ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. അതിലെ പ്രകൃതിവർണ്ണനകളെപ്പോലെ മറ്റൊന്നും തന്നെ അദ്ദേഹത്തെ ആകർഷിച്ചിട്ടില്ലത്രേ. എന്നിട്ടും ആ നിരൂപകൻ പറയുകയാണ്: "സുന്ദരങ്ങളായ ഈ

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/36&oldid=174568" എന്ന താളിൽനിന്ന് ശേഖരിച്ചത്