താൾ:സഞ്‌ജയന്റെ കവിതകൾ.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യേശുവിന്റെ അന്ത്യയാത്ര

നട്ടുച്ച-തീക്കനലിലിട്ടൊരു ലോഹപിണ്ഡം-
പോലിജ്ജഹത്തഹഹ! തീമയമായ് ജ്വലിപ്പൂ!
പാതയ്ക്കുമേൽ ബഹുജനങ്ങൾ നിറഞ്ഞു കുക്കി-
യാർക്കുന്ന ഘോഷമുയരുന്നു വിയത്തിലെങ്ങും.

ചീറ്റുന്ന കാറ്റടിയൊടൊത്തു സമുദ്രവീചി-
ജാലം ധരിത്രിയിതു മുക്കിടുവാൻ മുതിർന്നോ!
കാർമേഘമാലകളടുത്തിടചേർന്നു മുട്ടി
വിദ്യുത്തിളക്കിയലറിക്കളിയാടിടുന്നോ?

പെട്ടെന്നിതെന്തു കഥയൊച്ച നിലച്ചു; മർത്ത്യ-
ക്കൂട്ടം പിരിഞ്ഞിരുവശത്തുമൊതുങ്ങി നിൽപ്പൂ!
കാണാ,യതിന്നു നടുവിൽ ജനശൂന്യവീഥീ-
രേഖാവിഭാഗമിതു സാമ്പ്രതമെന്തിനാവാം?

അങ്ങാട്ടു നോക്കുവി, നമന്ദമൊരാൾത്തിരക്കു
മുന്നോട്ടടുത്തു വരവു,ണ്ടവരാരുവാൻ പോൽ?
മൂന്നുണ്ടു മുന്നണിയിലാളുക,ളായവർക്കു
പിമ്പേ നടപ്പു ചിലരായുധജാലമേന്തി.

ഏറ്റം കനം പെരുകിടും കുരിശൊന്നു താങ്ങി-
ക്കൊണ്ടാണു മൂവരവർതൻ വരവായതിങ്കൽ
മദ്ധ്യേ നടക്കുമവനോ ബത! ക്രിസ്തുദേവൻ;
മറ്റേവർ മാനസമിരുണ്ടൊരു വഞ്ചകന്മാർ.

കാളാംബുദദാവലിയിൽ മിന്നിടുമോഷധീശൻ,
ദുർഗ്ഗന്ധപങ്കമതിലാണ്ട സരോജപുഷ്പം,
മുൾക്കാട്ടിൽ വീണ നവമല്ലിക, രാഹുവക്ത്ര-
മുൾപ്പുക്കെഴുന്ന ദിനനായകദീപ്തബിംബം.

ചാപല്യമേറിയ കുരങ്ങുകൾ തച്ചുടയ്ക്കും
മാണിക്യരത്നം- മിവയോടു സമാനശോഭം
ആ മാന്യയാഗി, നരരക്തപിപാസയാർന്ന
രക്ഷസ്സുകൾക്കിടയിലോ ശിവനേ! ചരിപ്പു! (യുഗ്മകം)

കല്ലേറിടും വഴികളേ! മൃദൂപട്ടുമെത്ത-
പോലാകുവിൻ! ദിനമണേ! ക്ഷണമസ്തമിക്കു!
അല്ലെങ്കിലാ ത്രിഭുവനൈകപിതാവിനുള്ളോ-
രോമൽക്കിടാവിനുടെ ചേവടി നോവുമല്ലോ!

       സഞ്ജയന്റെ കവിതകൾ / 48